- സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ
- എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതസമിതികൾ രൂപീകരിക്കും
- യൂണിഫോം, പാഠപുസ്തകങ്ങളുടെ വിതരണം 95 ശതമാനം പൂർത്തിയായി
സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും.
കവി മുരുകൻ കാട്ടാക്കട രചിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ എന്ന പ്രവേശനോത്സവ ഗാനത്തിന്റെ സി.ഡി കുട്ടികൾക്ക് നൽകി മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. വിജയ് കരുൺ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്. സ്‌കൂൾ പ്രവേശനത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസിലിംഗ് എന്നിവയെല്ലാം പൂർത്തിയായി വരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും. എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ കൗൺസിലർമാർ 1012 പൊതുവിദ്യാലയങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. കൂടുതൽ പൊതുവിദ്യാലയങ്ങളിൽ കൗൺസിലർമാരുടെ സേവനം ഏർപ്പെടുത്തും. ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലികൾ ചേരും. ലഹരിവിരുദ്ധ കർമ്മപരിപാടി എല്ലാ സ്‌കൂളുകളിലും ആരംഭിച്ചിട്ടുണ്ട്. ‘കാവലാൾ’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ഇതിനുപുറമേ ചില സ്‌കൂളുകളിൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
കുട്ടികൾക്കുള്ള പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ 95 ശതമാനവും പൂർത്തിയായതായി മന്ത്രി പറഞ്ഞു. സ്ഥിരം അധ്യാപകർ ഇല്ലാത്ത സർക്കാർ സ്‌കൂളുകളിൽ അതിഥി അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ പി.എസ്.സി ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന നൽകും. എന്നാൽ ഇത് എയ്ഡഡ് സ്‌കൂളുകൾക്ക് ബാധകമല്ല. ഇങ്ങനെ അതിഥി അധ്യാപകരെ നിയമിക്കുന്നതിനാൽ വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉണ്ടാവില്ല. കേന്ദ്രവിദ്യാഭ്യാസ നയപ്രകാരം എൽ.പി വിഭാഗത്തിൽ ഒരു അധ്യായന വർഷം 800 മണിക്കൂറുകളും യു.പിയിൽ 1000 മണിക്കൂറുകളും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 1200 മണിക്കൂറുകൾ വീതവുമാണ് അധ്യയനം വിഭാവനം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ അധ്യാപക സംഘടനകൾ, മറ്റ് വിദഗ്ധർ എന്നിവരുമായി ആലോചിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പിൻവലിച്ചു എന്ന് യൂട്യൂബ് വഴി വ്യാജ വാർത്ത നൽകി വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ കൊല്ലം സ്വദേശിയായ പഞ്ചായത്ത് അംഗം നിഖിൽ മനോഹറിനെ അറസ്റ്റ് ചെയ്തതായി മന്ത്രി അറിയിച്ചു. അങ്ങേയറ്റം അപലപനീയമായ പ്രവർത്തിയാണ് പഞ്ചായത്ത് അംഗം നടത്തിയതെന്ന് മന്ത്രി വിമർശിച്ചു. സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്ന മലയിൻകീഴ് സ്‌കൂളിൽ മെയ് 30, 31, ജൂൺ 1 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി പ്രദേശത്തിന്റെ ഉത്സവമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവത്തിന്റെ പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു. വാർത്താസമ്മേളനത്തിൽ ഐ. ബി. സതീഷ് എം.എൽ.എ., പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ഷാനവാസ് എസ്, മഞ്ജരി, മുരുകൻ കാട്ടാക്കട, വിജയ് കരുൺ എന്നിവരും പങ്കെടുത്തു.