മെറിറ്റ് ചൂണ്ടിക്കാട്ടി പട്ടികജാതി വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാൻ കഴിയണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ, ദേവസ്വം, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവേശനോത്സവം തിരുവില്വാമല മലാറയിലുള്ള ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എട്ട് വിദ്യാർഥികൾ അടക്കം നൂറു ശതമാനം വിജയം നേടിയ ചേലക്കര മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിനെ മന്ത്രി അഭിനന്ദിച്ചു.

തിരുവില്വാമല മോഡൽ ഇംഗ്ലീഷ് സ്കൂൾ നൂറ് ശതമാനം വിജയം നേടിയത് അഭിമാനമാണ്. മുഴുവൻ എ പ്ലസ് നേടിയ എട്ട് കുട്ടികളെ പ്രത്യേകമായി അഭിനന്ദിക്കുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ട ഭൗതികസാഹചര്യത്തിൽ പഠിച്ചു മുന്നേറാനായി. കുട്ടികളെ ആകർഷിക്കാൻ കഴിയുന്ന ഇടപെടൽ സ്കൂളുകൾ നടത്തണം. പഠനവും സാമൂഹ്യ അംഗീകാരവും ലഭിക്കാതെ പോയ സമൂഹത്തെ മികച്ച വിദ്യാഭ്യാസം നൽകി മുഖ്യധാരയിൽ കൊണ്ടുവരാൻ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ വഴി കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഉള്ള യൂണിഫോം, പഠനോപകരണ വിതരണവും മന്ത്രി ചടങ്ങിൽ നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ, ബ്ലോക്ക് അംഗം ആശാദേവി, ഗ്രാമ പഞ്ചായത്ത് അംഗം സ്മിത സുകുമാരൻ, ചാവക്കാട് ഡിഇഒ അജിതകുമാരി ടീച്ചർ, പിടിഎ പ്രസിഡൻറ് പി വിജയൻ എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസർ ലിസ ജെ മങ്ങാട്ട് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് വി ഷൈമ നന്ദിയും പറഞ്ഞു.