അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രം, പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി എന്നിവർ ചേർന്നു സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

2040 ഓടെ പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ചിട്ടുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ചാണു സംസ്ഥാനം പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 200 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണു പ്രതിവർഷം ലോകത്തു നിർമിക്കപ്പെടുന്നത്. ഇതിൽ 20 ശതമാനം മാത്രമേ പുനഃചംക്രമണത്തിനു വിധേയമാകുന്നുള്ളൂ. ബാക്കി ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്നു. കരയിലും ജലാശയങ്ങളിലുമെല്ലാം വലിയ തോതിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നു. പ്ലാസ്റ്റീസ്ഫിയർ എന്ന ആവാസ വ്യവസ്ഥതന്നെ സമുദ്രത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ പ്രതിവർഷം ആറു ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണു കണക്ക്. 480 ടൺ പ്ലാസ്റ്റിക് മാലിന്യം കേരളം പ്രതിദിനം പുറന്തള്ളുന്നു. ദേശീയതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇതു ചെറുതാണെങ്കിലും ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം വഴി 30 ശതമാനവും പുനഃചംക്രമണത്തിലൂടെ 20 ശതമാനവും ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെ 17 ശതമാനവും മലിനീകരണ തോത് കുറയ്ക്കാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മാർഗനിർദേശത്തിൽ പറയുന്നത്. ഇതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തു നല്ല രീതിയിൽ നടപ്പാക്കുന്നുണ്ട്. പുനഃചംക്രമണം ചെയ്യാനാകാത്തതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്നതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് 2019ൽ നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു ശാസ്ത്രീയമായി നിർമാർജനംചെയ്യുന്ന, ഹരിതകർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തി. മുപ്പതിനായിരത്തിലധികം ഹരിതകർമ സേനാംഗങ്ങൾ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. 53 ലക്ഷം വീടുകളിൽ ഇവരുടെ സേവനം ലഭ്യമാകുന്നു. 12,676 മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും 1165 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും 173 റീജിയണൽ റെസീഡുവൽ ഫെസിലിറ്റികളുമാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നത്. 3800 ഓളം കമ്യൂണിറ്റി ഫെസിലിറ്റികളും പ്രവർത്തിക്കുന്നു.

12.5 ലക്ഷത്തോളം ഉറവിട മാലിന്യ ഉപാധികൾ വീടുകളിലും സ്ഥാപനങ്ങളിലുമായുണ്ട്. ക്ലീൻ കേരള കമ്പനിയും ഹരിത സഹായ സ്ഥാപനങ്ങളും ബിസിനസ് ഏജൻസികളും ഇവയ്ക്കൊപ്പം പ്രവർത്തിക്കുന്നു. ക്ലീൻ കേരള കമ്പനി മുഖേന പ്രതിമാസം 800 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റീസൈക്ലിങ്ങിനു നൽകുന്നു. ശരാശരി 200 ടൺ ഇ-മാലിന്യവും ഇവർ ശേഖരിക്കുന്നുണ്ട്. 3000 ടണ്ണോളം അജൈവ മാലിന്യം സ്വകാര്യ ഏജൻസികൾ ശേഖരിക്കുന്നു. 13,000 സ്‌ക്രാപ് ബിസിനസുകൾ കേരളത്തിലുണ്ട്. 140 റീസൈക്ലിങ് ഇൻഡസ്ട്രീസും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിൽ വിദ്യാർഥികളും മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി വീടുകളിലും പരിസരത്തുമുള്ള മാലിന്യം വിദ്യാർഥികൾ ശേഖരിച്ചതു മാതൃകാപരമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ ഭൂമി ഇന്നുള്ളതുപോലെ ഇനി എത്രകാലം നിലനിൽക്കുമെന്നതാണ് ഓരോ പരിസ്ഥിതി ദിനവും ഉയർത്തുന്ന ആശങ്കാജനകമായ ചിന്തയെന്നു മുഖ്യമന്ത്രി പറഞ്ഞു അത്രമേൽ മലിനീകരണവും പരിസ്ഥിതി നാശവും അവയുടെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്ന കാലമാണിത്. അവയെല്ലാം വരും തലമുറകളെക്കൂടി ബാധിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ വർത്തമാനകാലത്തേയും ഭാവിയേയും ഒരുപോലെ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പരിപാടി. സ്‌കൂൾ വളപ്പിൽ ആയിരവില്ലി ഇലിപ്പ തൈ നട്ട് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഹരിത സംരംഭ പദ്ധതിക്കു മുഖ്യമന്ത്രി തുടക്കംകുറിച്ചു. അന്യംനിന്നുപോയെന്നു കരുതിയ ആയിരവില്ലി ഇലിപ്പ (കാവലിപ്പ) കൊല്ലം ജില്ലയിലെ പരവൂരിലെ ക്ഷേത്രക്കാവിൽനിന്നു ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയിരുന്നു. 2019-2020 കാലയളവിൽ ഇവർ ശേഖരിച്ച വിത്തിൽനിന്നാണ് ഈ തൈ ഉത്പാദിപ്പിച്ചത്. ജലസസ്യങ്ങളെക്കുറിച്ചു തയാറാക്കിയ ഫീൽഡ് ഗൈഡ് അദ്ദേഹം പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷണ രംഗത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കു കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2022ലെ പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ, പത്മശ്രീ പ്രൊഫ. രാജഗോപാലൻ വാസുദേവൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എം.ബി. പ്രദീപ് കുമാർ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി എസ്. പ്രദീപ് കുമാർ, സ്‌കൂൾ പ്രിൻസിപ്പാൾ കെ.വി. പ്രമോദ് എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്ന വിഷയത്തിൽ പ്രൊഫ. രാജഗോപാൽ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി.