1973ൽ തുടങ്ങിയ തർക്കത്തിന് പരിഹാരവുമായി വർഷങ്ങൾക്കിപ്പുറം എത്തിയത് അതേ വർഷത്തിൽ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല് ടൈല് ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്ക്കുള്ള പട്ടയ വിതരണം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ. രാജൻ സദസ്സിനെ അറിയിച്ചത്. കൊടക്കല് ടൈല് ഫാക്ടറിയിലെ മിച്ചഭൂമി പ്രശ്നം ആരംഭിച്ച അതേ വർഷമാണ് താൻ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജനിച്ചതെന്ന് മന്ത്രി പറഞ്ഞു.
നീണ്ട വർഷങ്ങൾക്കിപ്പുറം അതിന് പരിഹാരം കാണാനായതിൽ സന്തോഷമുണ്ട്. നിലവിൽ പരിഗണിച്ച 66 അപേക്ഷകരിൽ 45 കുടുംബങ്ങൾക്കാണ് പട്ടയം അനുവദിച്ചത്. അതിർത്തി നിർണയവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന 11 അപേക്ഷയിലും ഒരേക്കറിലധികം ഭൂമിയുള്ള നാല് അപേക്ഷയിലും ഉടൻ പരിഹാരം കണ്ട് പട്ടയം അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരം അടക്കുന്നതിന് തടസ്സങ്ങളുള്ള ആറ് കുടുംബങ്ങളുടെ കരം സ്വീകരികുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.