ജില്ലയിൽ ഏഴ് സ്ഥലങ്ങളിൽ കൂടി തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ തുടങ്ങാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. നിലവിൽ പടിയൂർ-കല്ല്യാട് പഞ്ചായത്തിലെ പടിയൂരിൽ ഒരു എബിസി കേന്ദ്രം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃകയിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ, ചെറുതാഴം അല്ലെങ്കിൽ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്, അഴീക്കോട് ഗ്രാമപഞ്ചായത്ത്, തലശ്ശേരിയിലെ കോപ്പാലം എന്നിവിടങ്ങളിൽ കൂടി എബിസി കേന്ദ്രം ആരംഭിക്കാനാണ് യോഗത്തിൽ ധാരണയായത്.

ഇവിടങ്ങളിൽ പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ ഭൂമി ലഭ്യമാണെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ അറിയിച്ചു. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ സംഘം സ്ഥല പരിശോധന നടത്തി സാധ്യതാപഠനം നടത്തും. ഭൂമി ലഭ്യത അന്തിമമായാൽ പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് ഡിപിസി ചെയർപേഴ്‌സൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. ഇതിൽ തലശ്ശേരി കോപ്പാലത്ത് മുമ്പ് പ്രവർത്തിച്ചിരുന്ന എബിസി കേന്ദ്രം നാട്ടുകാർ ഇടപെട്ട് പ്രവർത്തനം നിർത്തിയതാണ്. ഇത് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കും. ടൂറിസം കേന്ദ്രങ്ങളിലും സ്‌കൂളുകൾക്ക് സമീപവും തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൻ അറിയിച്ചു. ജില്ലയിൽ ചില സ്‌കൂളുകൾക്ക് സമീപം സ്ഥിരമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനാൽ നായ്ക്കൾ തമ്പടിക്കുന്നതായും ഇത് വിദ്യാർഥികൾക്ക് ഭീഷണിയാവുന്നതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും എബിസി പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ഇരിക്കൂർ, പേരാവൂർ, കല്ല്യാശ്ശേരി, പാനൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകൾ, തളിപ്പറമ്പ് നഗരസഭ, പെരളശ്ശേരി, കൊളച്ചേരി, ഏരുവേശ്ശി, കുറ്റിയാട്ടൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കണ്ണപുരം, പട്ടുവം, ചപ്പാരപ്പടവ്, കീഴല്ലൂർ, തില്ലങ്കേരി, രാമന്തളി, എരമം-കുറ്റൂർ, കോട്ടയം, തൃപ്രങ്ങോട്ടൂർ, പാട്യം, അഞ്ചരക്കണ്ടി, ധർമ്മടം, വേങ്ങാട് ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് എബിസി പദ്ധതിക്ക് തുക വകയിരുത്താനുള്ളത്. ഇവ അടിയന്തിരമായി തുക വകയിരുത്തണമെന്ന് ചെയർപേഴ്‌സൻ പറഞ്ഞു.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനൊപ്പം പൊതുസ്ഥലത്ത് അറവുമാലിന്യം ഉൾപ്പെടെ തള്ളുന്നതിനെതിരായ മുഖം നോക്കാതെ നടപടികൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. മാലിന്യം തള്ളാൻ കരാറെടുക്കുന്ന ഏജൻസികൾക്ക് പുറമെ അതിന് ഏൽപിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. വിവാഹ സദ്യകൾ പോലെ വലിയ തോതിൽ മാലിന്യം ഉണ്ടാവുന്ന ചടങ്ങുകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കപെടുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഡിസ്‌പോസിബ്ൾ പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ നടത്തണം.

കണ്ണൂർ നഗരത്തിൽ ആധുനിക അറവുശാല നിർമ്മിക്കുന്നതിനുള്ള നടപടികളുമായി ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്ന് കോർപറേഷൻ മേയർ അഡ്വ. ടിഒ മോഹനൻ പറഞ്ഞു. 47 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 സ്പിൽ ഓവർ പ്രൊജക്ടുകൾ കൂട്ടിച്ചേർത്ത വാർഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാമത് ഭേദഗതിയും അംഗീകരിച്ചു.

യോഗത്തിൽ ഡിപിസി ചെയർപേഴ്‌സൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി രാജേഷ്, സമിതി അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്.