വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എസ്.കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘മണ്‍സൂണും കുട്ട്യോളും’ ഏകദിന ശില്പശാല മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.
‘കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍’ എന്ന പേരില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്ഥാപിച്ച സ്‌കൂള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ തുടര്‍ പരിപാടിയായാണ് ശില്‍പശാല സംഘടിപ്പിച്ചത്. വെതര്‍ സ്റ്റേഷന്‍ ആരംഭിച്ചിട്ടുള്ള ജില്ലയിലെ 18 സ്‌കൂളുകളിലെ ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികൾക്കായാണ് ശില്പശാല. ഇതിന്റെ തുടര്‍ച്ചയായി സെപ്റ്റംബറിൽ ദേശീയ വിദ്യാര്‍ഥി കാലാവസ്ഥ സമ്മേളനവും സംഘടിപ്പിക്കും.
മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആര്‍.ഡി ഡി സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ് പി.പി, സ്കൂൾ പ്രിൻസിപ്പൽ മിനി നാരായണ കെ, പ്രധാനാധ്യാപിക റീന കെ.കെ, അധ്യാപകനായ ജഗൽ കുമാർ വി.വി എന്നിവർ സംസാരിച്ചു. തുടർന്ന് സി.ഡബ്യൂ.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ ഡോ പ്രജിത്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.