നാടിൻ്റെ സമഗ്രമായ പുരോഗതി ഉറപ്പ് വരുത്തുകയാണ് സർക്കാരിൻ്റെ മുഖ്യലക്ഷ്യമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനകീയ സദസ്സിൻ്റെയും വാർഡ് തല അദാലത്തിൻ്റെയും മൂന്നാം ഘട്ടം പയ്യാനക്കൽ ജി വി എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു ജനകീയ ഭരണകൂടത്തിന്റെ അടിസ്ഥാന ശില ജനങ്ങളാണ്. ആ തിരിച്ചറിവോട് കൂടിയാണ് സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടുകൾ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത്. നാടിൻ്റെ പശ്ചാത്തല മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, ദുര്‍ബല വിഭാഗത്തിന്റെ ക്ഷേമകാര്യങ്ങള്‍ക്കും സമാനമായ ഊന്നല്‍ നല്‍കാന്‍ കഴിയുമെന്ന് പ്രവര്‍ത്തിപഥത്തിലൂടെ തെളിയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്.

ദേശീയ പാതയും മലയോര തീരദേശ ഹൈവേയും വിഴിഞ്ഞം തുറമുഖവുമെല്ലാം സ്വപ്നസമാന വേഗതയിലാണ് പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ പുതുവസന്തം സമ്മാനിച്ച് കൊണ്ടാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കല്ലായി, പന്നിയങ്കര, മീഞ്ചന്ത, തിരുവണ്ണൂർ, ചക്കുംകടവ്, പയ്യാനക്കൽ, മുഖദാർ, കപ്പക്കൽ, കുറ്റിച്ചിറ എന്നീ വാർഡുകളിലെ പരാതികളാണ് മൂന്നാം ഘട്ടത്തിൽ പരിഗണിച്ചത്.

ആദ്യ ഘട്ട അദാലത്തിൽ 108 പരാതികളും രണ്ടാം ഘട്ടത്തിൽ 165 പരാതികളും മൂന്നാം ഘട്ടത്തിൽ 167 പരാതികളും അടക്കം ആകെ 440പരാതികളാണ് പരിഗണിച്ചത്.

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം ബിജുലാൽ, കെ മൊയ്തീൻ കോയ, രമ്യ സന്തോഷ്, ആയിഷാബി പാണ്ടികശാല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് കൗൺസിലർ എൻ ജയശീല സ്വാഗതവും ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി നന്ദിയും പറഞ്ഞു.