വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്നതിന്റെ പരിഭവം മന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കാനായിരുന്നു 34-ാം വാര്‍ഡിലെ മേടോല്‍ പറമ്പില്‍ താമസിച്ചിരുന്ന ബി.ടി സുന്ദരന്‍ ആഴ്ച്ചവട്ടം സ്‌കൂളില്‍ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലം അദാലത്തിനെത്തിയത്. ഒരുപാട് പ്രാരാബ്ധങ്ങളുമായി കഴിയുന്ന സുന്ദരന് നിലവില്‍ രോഗിയായതിനാല്‍ വീട്ടുവാടക അടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനാല്‍ സ്വന്തമായി ഒരു വീട് വെക്കണമെന്നാണ് സുന്ദരന്റെ ആവശ്യം. ഈയൊരു ആഗ്രഹവുമായിട്ടായിരുന്നു സുന്ദരന്‍ അദാലത്തിനെത്തിയത്. സുന്ദരന്റെ ആവശ്യം പരിശോധിച്ച തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കോര്‍പ്പറേഷന്റെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി്.
പത്ത് വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിച്ചിരുന്ന സുന്ദരന് നിലവില്‍ അപകടത്തിൽ പെട്ട് കാലിന്റെ ചിരട്ട പൊട്ടി മുട്ടിന് കമ്പിയിട്ടതിനാല്‍ ജോലിക്ക് പോകാന്‍ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. വരുമാനമൊന്നുമില്ലാത്തതിനാല്‍ വീട്ടുവാടക കൊടുക്കാനും സാധിക്കുന്നില്ല. വാടക കൊടുക്കാന്‍ സാധിക്കാതിരുന്നതോടെ ഉടമ വീട് ഒഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഏറെ പ്രയാസത്തിലായിരുന്നു സുന്ദരന്‍.
ഭാര്യ മരിച്ചുപ്പോയ സുന്ദരന് രണ്ട് പെണ്‍മക്കള്‍ മാത്രമാണുള്ളത്. വരുമാനത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്വന്തമായി ഒരു വീടെങ്കിലും കിട്ടിയാല്‍ ആശ്വാസമാകും എന്നതിനാലാണ് അപേക്ഷയുമായി അദാലത്തിനെത്തിയത്. കോര്‍പ്പറേഷനിലെ ഉമ്മളത്തൂര്‍ പ്രദേശത്ത് സുന്ദരന് പട്ടിക വിഭാഗത്തിനായി അനുവദിച്ച് കിട്ടിയ മൂന്ന് സെന്റ് സ്ഥലമുണ്ട്. മന്ത്രി വീട് നിര്‍മ്മിക്കാനുള്ള അപേക്ഷ പരിഗണിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതോടെ ഏറെ സന്തോഷത്തോടെയാണ് സുന്ദരന്‍ അദാലത്തിന്റെ വേദി വിട്ടത്.