സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും, വായനപക്ഷാചരണവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടത്തി. 14 ജില്ലകളില്‍ നിന്നും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇ – മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്താണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനം നല്‍കി 15 വയസിന് മുകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതാണ് പദ്ധതി.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 14 വാര്‍ഡുകളില്‍ നിന്നുമായി 52 ഇന്‍സ്ട്രക്ടര്‍മാര്‍ പങ്കെടുത്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലും സര്‍വേ നടത്തി 1050 പഠിതാക്കളെയും കണ്ടെത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച ഇന്‍സ്ട്രക്ടര്‍മാര്‍ ഇവര്‍ക്ക് ഡിജിറ്റല്‍ മേഖലയിലെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കും. പഠിതാക്കള്‍ക്ക് കുറഞ്ഞത് 10 മണിക്കൂര്‍ ക്ലാസുകള്‍ നല്‍കും.
ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പരിശീലന പരിപാടിയുടെയും, വായന പക്ഷാചരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഏലിയാമ്മ ജോയി അധ്യക്ഷയായി.

ഗ്രാമപഞ്ചായത്തംഗം സെലിന്‍ വില്‍സണ്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആലീസ് ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭാതങ്കച്ചന്‍, രാജു ജോസഫ്, ടിന്റു സുഭാഷ്, നൗഷാദ് ടി ഇ, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, കൈറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ ജോസഫ് മാത്യു, എബി ജോര്‍ജ്ജ്, നസീമ സി എസ്, അരുണ്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജീവനക്കാരായ വിനു ആന്റണി, സീമ എബ്രാഹം, പദ്ധതി കോര്‍ഡിനേറ്റര്‍ സരുണ്‍കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.