വായനാ ദിനത്തില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനവുമായി കളക്ടറെത്തി. വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് കണിയാമ്പറ്റ ജി.എം.ആര്‍.എസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പുസ്തകങ്ങള്‍ സമ്മാനം നല്‍കിയത്. . വിദ്യാലയത്തിലെ ലൈബ്രറിയില്‍ വായനക്കാരുടെ കൂട്ടുകാരായി ഇനി ഈ പുസ്തകങ്ങളുമുണ്ടാകും. ദേബിപ്രസാദ് ചതോപാധ്യായയുടെ ഇന്ത്യന്‍ ശാസ്ത്ര പാരമ്പര്യം തുടങ്ങിയ വേറിട്ട പുസ്തകങ്ങളാണ് സമ്മാനമായി നല്‍കിയത്.

കണിയാമ്പറ്റ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയത്തിലുള്ള ലൈബ്രറിയുടെ സൗകര്യങ്ങള്‍ പുസ്തകങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ജില്ലാ കളക്ടര്‍ ചോദിച്ചറിഞ്ഞു. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളില്‍ വായനയും പ്രോത്സാഹിപ്പിക്കണം. നല്ല പുസ്തകങ്ങള്‍ ഇതിനായി ശേഖരിക്കണം. കൂടുതല്‍ പുസ്തകങ്ങളുമായി ഗ്രന്ഥപുര വികസിപ്പിക്കാനും അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശം നല്‍കി. സകൂള്‍ ലീഡര്‍ ദേവിക ജില്ലാ കളക്ടറില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. വായനാ ദിനത്തില്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ജില്ലാ കളക്ടറില്‍ നിന്നും അപ്രതീക്ഷിത സമ്മാനം ജി.എം.ആര്‍.എസ്സിലെ കുട്ടികള്‍ ഏറ്റുവാങ്ങിയത്.