അപ്രതീക്ഷിതമായി കൈകളിലെത്തുന്ന ആകാംക്ഷയുടെ സമ്മാനപൊതികളായിരുന്നു പുസ്തകങ്ങളെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. കണിയാമ്പറ്റ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല വായന പക്ഷാചരണം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വായനയാണ് ഒരോ മുനുഷ്യനെയും പൂര്‍ണ്ണനാക്കുന്നത്. നിതാന്തമായി വായനയെ പിന്തുടരുന്ന ശീലമാണ് ഒരോ സമൂഹത്തെയും കാലങ്ങളായി നവീകരിക്കുന്നത്. ഓരോ പുസ്തകങ്ങളും വായനക്കാര്‍ക്ക് പുതിയ പ്രതീക്ഷകളാണ് തുറന്നിടുന്നത്.

മാറിയ കാലത്തില്‍ വായനയുടെ പ്രതലങ്ങള്‍ സാങ്കേതികമായി മാറിവരുന്നെങ്കിലും പുതുമണം മായാത്ത പുസ്തകങ്ങളുടെ ആദ്യ വായനകള്‍ ഓരോ കാലഘട്ടത്തിന്റെയും സന്തോഷം പകരുന്ന അനുഭവങ്ങളാണ്. പുസ്തകതാളുകളിലൂടെയുള്ള മനസ്സിന്റെ സഞ്ചാരം ഏകാഗ്രമായ ധ്യാനം കൂടിയാണ്. വലിയൊരു ലോകത്തിന്റെ ചെറിയകോണിലും വായന വിശാലമായ കാഴ്ചകളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ചെറുതില്‍ നിന്നും വലിയ വായനകളിലേക്ക് വളരും തോറും സഞ്ചരിക്കണമെന്നും കുട്ടികളോടായി ജില്ലാ കളക്ടര്‍ പറഞ്ഞു.