472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യർക്ക് അവസരം

വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്ത 472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കാണ് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിൽ ലഭിക്കുക. ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ എന്ന പദ്ധതി ജൂലൈയിൽ ആരംഭിച്ചു. 2024 മാർച്ച് 31 ന് മുമ്പ് എല്ലാ ജില്ലകളിലും നൈപുണ്യ പരിശീലനവും തൊഴിൽ മേളകളും നടത്തി ഉദ്യോഗാർഥികളെ തൊഴിലിലേക്കെത്തിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തൊഴിൽക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളവർക്കാണ് പദ്ധതിക്കു കീഴിൽ തൊഴിലവസരങ്ങൾ ലഭ്യമാകുക.

വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലന്വേഷകരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് തൊഴിൽ ക്ലബ്ബുകൾ രൂപീകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഉദ്യോഗാർഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസിലാക്കി ആവശ്യാനുസരണം കരിയർ കൗൺസിലിങ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, വർക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി തൊഴിൽമേളകളിലും ഇന്റർവ്യൂകളിലും പങ്കെടുപ്പിച്ച് ഓഫർ ലെറ്റർ ലഭ്യമാക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളാണ് മിഷൻ നടത്തുക.

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഐ ടി ഐ / ഡിപ്ലോമ / പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള DWMSൽ രജിസ്റ്റർ ചെയ്തവരെയാണ് പരിശീലനം നൽകി തൊഴിലിന് സജ്ജരാക്കുന്നത്. റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ തൊഴിലന്വേഷകർക്ക് നൽകുകയും അതോടൊപ്പം തൊഴിൽ ദായകരുടെ ആവശ്യങ്ങൾക്കനുയോജ്യമായ തൊഴിൽസേനയെ ലഭ്യമാക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം (DWMS) വഴി സാഹചര്യമൊരുക്കുകയും ചെയ്യും.