അഞ്ചു തലങ്ങളിലായി മിഷൻ പ്രവർത്തനം: മന്ത്രി കെ.രാജൻ
മലയോര മേഖലയിലുള്ളവർ, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വിവിധ കോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നൽകാനായി പട്ടയ മിഷൻ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ. പട്ടയ വിതരണം ഊർജ്ജിതമാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള പ്രവർത്തനം ഏകോപിപ്പിക്കാനും, നിരീക്ഷിക്കാനും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനുമാണ് പട്ടയ മിഷൻ രൂപീകരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന ദൗത്യ സംഘം, ജില്ലാ ദൗത്യ സംഘം, താലൂക്ക് ദൗത്യ സംഘം, വില്ലേജ്തല വിവരശേഖരണ സമിതി എന്നിങ്ങനെയാണു പട്ടയം മിഷന്റെ ഘടന. റവന്യൂ വകുപ്പ് സെക്രട്ടറിയാണ് സംസ്ഥാനതല നിരീക്ഷണ സമിതിയുടെ കൺവീനർ. നിയമ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി, വനം-വന്യജീവി വകുപ്പ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി, പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് സെക്രട്ടറി എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. സംസ്ഥാന പട്ടയ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി നിർദ്ദേശങ്ങൾ നൽകുകയെന്നതാണ് സംസ്ഥാനതല സമിതിയുടെ ചുമതല. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള പുറമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി ഏകോപിപ്പിക്കുക, വിവിധ വകുപ്പുകളുടെ കീഴ്ഘടകങ്ങളുടെ പ്രവർത്തനത്തിനുള്ള നിർദ്ദേശവും ഏകോപനവും, നിയമപരമായ പ്രശ്‌നങ്ങളുള്ള പട്ടയ അപേക്ഷകളിൽ ആവശ്യമായ നിയമ ഭേദഗതി ശുപാർശ ചെയ്യുക, വിവിധ വകുപ്പുകളുടെ കൈവശത്തിലുളളതും ഉപയോഗത്തിലില്ലാത്തതുമായ ഭൂമി കണ്ടെത്തുന്നതിനുളള നടപടികൾ ഏകോപിപ്പിക്കുക. എന്നിവയും സംസ്ഥാനതല സമിതിയുടെ ചുമതലയാണ്.
ലാൻഡ് റവന്യൂ കമ്മീഷണർ ചെയർപേഴ്‌സണായാണ് സംസ്ഥാനതല ദൗത്യസംഘം രൂപീകരിക്കുന്നത്. ലാൻഡ് ബോർഡ് സെക്രട്ടറിയാണ് ദൗത്യ സംഘത്തിന്റെ കൺവീനർ. ഡയറക്ടർ സർവ്വേ & ലാന്റ് റിക്കോർഡ്‌സ്, ലാന്റ് ബോർഡ് ലോ ഓഫീസർ, ഭൂപതിവ് അസിസ്റ്റന്റ് കമ്മിഷണർ എന്നിവർ അംഗങ്ങളായിരിക്കും.
ഒരു സീനിയർ സൂപ്രണ്ട്, രണ്ട് റവന്യൂ ഇൻസ്‌പെക്ടർമാർ, വില്ലേജ് തല പ്രവർത്തനങ്ങളിൽ പരിജ്ഞാനമുള്ള 3 സീനിയർ ക്ലാർക്ക് എന്നിവരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കും. പൂർണ്ണമായും പട്ടയ വിതരണം സംബന്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മാത്രമായാകും ഇവരെ നിയോഗിക്കുക.
പട്ടയ സോഫ്റ്റ് വെയറും, ഡാഷ് ബോർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ഐ.ടി. സെല്ലുമായി ഏകോപിപ്പിച്ച് നടപ്പിൽ വരുത്തുക, ജില്ലകളിലെ പ്രവർത്തന പുരോഗതി നിരന്തരം വിലയിരുത്തി പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്യുക, സംസ്ഥാന തലത്തിലും എല്ലാ ജില്ലകൾക്കും പ്രത്യേകമായും ഓരോ മാസവും യോഗം ചേരുക, ജില്ലകളിൽ സന്ദർശനം നടത്തിയോ ഓൺലൈൻ മുഖാന്തിരമോ യോഗങ്ങൾ നടത്തി സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുക, ആവശ്യമായ നിയമ ചട്ടഭേദഗതി/നയ തീരുമാനങ്ങൾ സർക്കാരിലേക്ക് ശുപാർശ ചെയ്യുക, അതാത് ജില്ലകൾക്ക് അവരുടെ രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ പട്ടയ ഫോമുകൾ നൽകുക. ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദ്ദേശങ്ങളും നൽകുക തുടങ്ങിയവയാണ് സംസ്ഥാനതല ദൗത്യ സംഘത്തിന്റെ ചുമതലകൾ.
ജില്ലാ കളക്ടർ ചെയർപേഴ്‌സണായി ജില്ലാതല ദൗത്യ സംഘവും പ്രവർത്തിക്കും. ഭൂപരിഷ്‌ക്കരണം വിഭാഗം ഡെപ്യൂട്ടി കളക്ടർ ആയിരിക്കും കൺവീനർ. സബ്കളക്ടർ/റവന്യൂ ഡിവിഷണൽ ഓഫീസർമാർ, ജില്ലാ ലോ ഓഫീസർ, ലാൻഡ് ട്രിബ്യൂണൽ അദ്ധ്യക്ഷന്മാർ, തഹസിൽദാർമാർ, ജില്ലാ സർവ്വേ സുപ്രണ്ടന്റ് എന്നിവർ അംഗങ്ങളായിരിക്കും.
ഒരു സീനിയർ ജൂനിയർ സൂപ്രണ്ട്, മൂന്ന് ക്ലാർക്കുമാർ എന്നിവർ ഉൾപ്പെട്ടതാകും ജില്ലാതല ദൗത്യ സംഘം. ജില്ലകളിലെ പട്ടയ വിതരണത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, പട്ടയ ഡാഷ് ബോർഡ്, പട്ടയ വിതരണ ഡാഷ് ബോർഡ് എന്നിവയിൽ കാര്യ കാരണ സഹിതം വിവരങ്ങൾ കൃത്യമായി ഉൾചേർക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, എല്ലാ രണാടാഴ്ച കൂടുമ്പോഴും താലൂക്കുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്ന യോഗം നടത്തുക, താലൂക്കുകൾക്ക് ആവശ്യമായ പരിശീലനം നൽകുക, സങ്കീർണ്ണമായ പട്ടയ പ്രശ്‌നങ്ങൾ സംസ്ഥാനതല ദൗത്യ സംഘത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരിക, അത് പരിഹരിക്കുന്നതിനാവശ്യമായ വിവരങ്ങൾ നൽകുക, ഈ വിവരങ്ങൾ പട്ടയ ഇഷ്യു ഡാഷ് ബോർഡിൽ ഉൾപ്പെടുത്തുക. ഇതു സംബന്ധിച്ച് മാസ പുരോഗതി റിപ്പോർട്ട് എല്ലാ മാസവും അഞ്ചിനു മുമ്പായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ലഭ്യമാക്കുക, ഓരോ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്ന് പുരോഗതി വിലയിരുത്തുന്നതിന് നടപടി സ്വീകരിക്കുക എന്നിവയാകും ചുമതലകൾ.
തഹസിൽദാർ ചെയർപേഴ്‌സണായാണ് താലൂക്ക്തല ദൗത്യ സംഘം രൂപീകരിക്കുക. പട്ടയ വിഷയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി തഹസിൽദാർ കൺവീനറും ഒരു ഹെഡ് സർവ്വേയർ, ഒരു റവന്യൂ ഇൻസ്‌പെക്ടർ, രണ്ട് ക്ലാർക്ക് എന്നിവർ അംഗങ്ങളുമായിരിക്കും. പട്ടയം നൽകാനുളള പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുക, വിതരണം ചെയ്ത പട്ടയങ്ങളുടെ വിവരവും താലൂക്കിലെ അവശേഷിക്കുന്ന പട്ടയ പ്രശ്‌നങ്ങളുടെ വിവരങ്ങളും കൃത്യമായി അതാത് ഡാഷ് ബോർഡിൽ ചേർക്കുക, ഭൂപതിവ് കമ്മിറ്റികളുടെ യോഗം വിളിച്ച് ചേർക്കുക, പതിച്ച് നൽകാൻ നിശ്ചയിച്ച ഭൂമിയുടെ സർവ്വേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുക, പതിച്ചു നൽകിയ ഭൂമിയുടെ വിവരങ്ങൾ വില്ലേജ്/താലൂക്ക് സർവ്വേ റിക്കാർഡുകളിലും റെലീസ് സോഫ്റ്റ് വെയറിലും കൃത്യമായി ഉൾപ്പെടുത്തുക എന്നിവയാണ് ഇവരുടെ ചുമതലകൾ.
ഇതിനു പുറമേ, വില്ലേജ് ഓഫീസർ കൺവീനറായ വില്ലേജ് തല ജനകീയ സമിതിയും രൂപീകരിക്കും. വില്ലേജ് തല വിവര ശേഖരണം നടത്തുന്നത് ഈ സമിതിയായിരിക്കും.
പട്ടയമില്ലാത്ത കോളനികൾ കണ്ടെത്തുക, അർഹതയുണ്ടായിട്ടും പട്ടയത്തിന് അപേക്ഷ നൽകാത്തവരെ കണ്ടെത്തുക, വിതരണത്തിനാവശ്യമായ ഭൂമി കണ്ടെത്തി റിപ്പോർട്ട് ചെയ്യുക, വില്ലേജ് പരിധിയിലെ പട്ടയ വിഷയങ്ങൾ കണ്ടെത്തുക. എല്ലാ വില്ലേജ് തല ജനകീയ സമിതിയിലും പട്ടയമിഷൻ ഒരു അജണ്ടയായി ഉൾപ്പെടുത്തുകയും സമിതിയിൽ അംഗങ്ങളായ പ്രതിനിധികളിൽ നിന്നും പട്ടയ വിഷയങ്ങൾ ക്രോഡീകരിച്ച് താലൂക്ക് ദൗത്യ സംഘത്തിന് റിപ്പോർട്ട് ചെയ്യുക എന്നിവയാണ് ഇവരുടെ ചുമതലകൾ.
സങ്കീർണമായ നിയമ പ്രശ്‌നങ്ങളോ നിലവിലുള്ള ചട്ടങ്ങളുടെ നിബന്ധനകളിലോ പെട്ടു തീരുമാനമാകാതെ കിടക്കുന്ന പട്ടയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിച്ചു നിയമവും ചട്ടവും പ്രകാരം യോഗ്യരായ കൈവശക്കാർക്കു പട്ടയം നൽകുന്നതിനാണ് പട്ടയ മിഷൻ പ്രധാന പരിഗണന നൽകുന്നതെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും ഭൂരേഖയും നൽകുക എന്നതാണ് മിഷൻ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്.
പട്ടയം ഡാഷ് ബോർഡിൽ ലഭ്യമാക്കിയിട്ടുള്ള പട്ടയ പ്രശ്‌നങ്ങൾ സംസ്ഥാനതലത്തിൽ പരിശോധിച്ച ശേഷം പരിഹരിക്കാവുന്നവയ്ക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്കു ലാൻഡ് റവന്യൂ കമ്മീഷണർ നൽകുകയും സർക്കാർ ഉത്തരവുകളുടെയോ ചട്ട ഭേദഗതികളിലൂടെയോ പരിഹരിക്കേണ്ടവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അവയ്ക്കു പരിഹാരം കാണുന്നതിനുള്ള നടപടിയും ഇതിന്റെ ഭാഗമായി കൈക്കൊള്ളും.
മലയോര മേഖലയിലെ അപേക്ഷകർ, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ, കോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് പട്ടയം നൽകാനാണ് പട്ടയ മിഷൻ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ ടി വി അനുപമ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.