സംസ്ഥാനത്തു രേഖകളില്ലാതെ ഭൂമി കൈവശംവച്ചിരിക്കുന്നവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയം മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി ചേരുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. വില്ലേജ്, പഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികളിൽനിന്നു വില്ലേജ്തല ജനകീയ സമിതികളിൽനിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണു പട്ടയ അസംബ്ലികൾ പരിശോധിച്ചു പരിഹാരം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പട്ടയ അസംബ്ലിയുടേയും ചുമതലക്കാരായി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പട്ടയ സഭകളിൽ പരിഹരിക്കാനാകുന്ന പട്ടയ വിഷയങ്ങൾ പരിഹരിച്ചു ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ പട്ടയം ഡാഷ് ബോർഡിൽ ഉൾപ്പെടുത്തും. ഇത്തരം വിഷയങ്ങൾ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ ദൗത്യസംഘം പരിശോധിച്ച് ആവശ്യമെങ്കിൽ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. ഏതെങ്കിലും നിയമ പ്രശ്നങ്ങളോ ചട്ടങ്ങളിലെ നിബന്ധനകൾ മൂലമോ തീരുമാനമെടുക്കാൻ കഴിയാത്ത വിഷയങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് അയക്കണം.

ഓഗസ്റ്റ് 20നു മുൻപു സംസ്ഥാനത്തെ മുഴുവൻ പട്ടയ അസംബ്ലികളും യോഗം ചേരും. ആദ്യ യോഗം ജൂലൈ അഞ്ചിനു തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മണ്ഡലത്തിൽ ചേരുമെന്നും മന്ത്രി പറഞ്ഞു.