ജില്ല ആസൂത്രണ സമിതി യോഗം ചേർന്നു
മാലിന്യനിർമാർജന പദ്ധതികൾ സംബന്ധിച്ച ബോധവൽക്കരണം പൊതുജനങ്ങൾക്കിടയിൽ ഊർജ്ജസ്വലമായി പൂർത്തീകരിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. മാലിന്യമുക്തം
നവ കേരളത്തിൻറെ ജില്ലയിലെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തലും രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണവും നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് നിർദേശം.
ജൂൺ 30നകം പഞ്ചായത്ത് തലത്തിൽ ജനകീയ സമിതി ചേരാനും വാർഡ് തലത്തിൽ ക്ലസ്റ്റർ റിപ്പോർട്ട് തയ്യാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ജനകീയ ഹരിത ഓഡിറ്റ് നടത്തി ജൂലൈ 15നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡഡന്‌റ് പികെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായ ജില്ല ആസൂത്രണ സമിതിയിൽ തീരുമാനമായി.

രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നീ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ചിരിക്കുന്നത്. കാറ്റഗറി ഒന്നിൽ ഉള്ള 75 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യരഹിതമായി മാറാനും യൂസർ ഫീ സംവിധാനം 100 ശതമാനത്തിൽ എത്തിക്കാനും ഓഗസ്റ്റ് 31 വരെ സമയം നൽകും. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് യഥാക്രമം സെപ്റ്റംബർ, നവംബർ മാസങ്ങളിലാകും. ഒന്നാം ഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ചാവണം രണ്ടാംഘട്ട പ്രവർത്തനമെന്നും മാലിന്യ സംസ്കരണ – ശിക്ഷാനടപടികൾ കൂടുതൽ ശക്തമായി നടപ്പാക്കണമെന്നും അഭിപ്രായമുയർന്നു. എംസിഎഫുകളുടെ നവീകരണം പുനരുദ്ധാരണം ഗൗരവത്തോടെ പരിഗണിക്കാനും തീരുമാനിച്ചു.

മാലിന്യ സംസ്കരണ വിഷയത്തിൽ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ജില്ലാതല ഉദ്യോഗസ്ഥൻ ചുമതലക്കാരനായി ജനപ്രതിനിധി യോഗം ഉടൻ ചേരാനും തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ശുചിത്വമിഷൻ, ഹരിത കേരളം, കില എന്നിവരുടെ സഹകരണത്തോടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് നിർദിഷ്ട വിഷയത്തിൽ തയ്യാറാക്കണം. ഇതിനായി കിലയുടെ ആഭിമുഖ്യത്തിൽ ഡിപിആർ ക്ലിനിക് സംഘടിപ്പിക്കും.
തെരുവ് നായ്ക്കൾക്കായി ബ്ലോക്ക് തലത്തിൽ എ ബി സി കേന്ദ്രങ്ങൾ ആരംഭിക്കനായി സ്ഥലം കണ്ടെത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ചാവക്കാട് നഗരസഭ, മാള ബ്ലോക്ക് പഞ്ചായത്ത്, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന എബിസി ഷെൽട്ടർ ഹോമുകളുടെ തൽസ്ഥിതി സംബന്ധിച്ച വിശദവിവരങ്ങൾ ഡിപിസി ആരാഞ്ഞു. ഈ വിഷയത്തിൽ കുറവുള്ള വിഹിതം ജില്ലാ പഞ്ചായത്ത് നൽകാനും ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, എൽഎസ്ജിഡി ജോയിൻറ് ഡയറക്ടർ അരുൺ രംഗൻ, പ്ലാനിംഗ് ബോർഡ് എസ് ആർ ജി അംഗം അനൂപ് കിഷോർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.