ചേര്‍ത്തല എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉണര്‍വ്വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഷട്ടില്‍, വോളിബോള്‍ കോര്‍ട്ടുകളുടെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷയായി.

ചേര്‍ത്തല നഗരസഭ എ.ഇ.പി. ആര്‍. മായാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേര്‍ത്തല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ. റോയ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിക്കുട്ടി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. റെജിലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ ജ്യോതിഷ്, ചേര്‍ത്തല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശിവരാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ടി. ലേജുമോള്‍, പി.ടി.എ. പ്രസിഡന്റ് എസ്.ജി. രാജു, കെ.എസ്.ഇ.എസ്.എ. ആലപ്പുഴ സെക്രട്ടറി ആര്‍. ജയദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള വിമുക്തി മിഷന്റെ ഫണ്ട് ഉപയോഗിച്ച് കളിസ്ഥലം നിര്‍മ്മിക്കുന്ന പദ്ധതിയാണ് ഉണര്‍വ്വ്. 3.32 ലക്ഷം ചെലവഴിച്ചാണ് ഷട്ടില്‍ വോളിബോള്‍ കോര്‍ട്ട് നിര്‍മിച്ചത്.