എടവക ഗ്രാമപഞ്ചായത്തിലെ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ സബ് സെന്റര്‍ പാതിരിച്ചാലില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ് എച്ച്.ബി. പ്രദീപ് സബ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. പുതിയതായി നിര്‍മ്മിച്ച യോഗ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആയുഷ് ഡി.പി.എം ഡോ. അനീന പി. ത്യാഗരാജന്‍ ഉദ്ഘാടനം ചെയ്തു.

പതിരിച്ചാല്‍ സെന്ററിന് 10 സെന്റ് ഭൂമി നല്‍കിയ പരേതനായ പന്നിയില്‍ രാഘവന്‍ നായരുടെ ഛായാചിത്രം വികസനകാര്യ ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ അനാച്ഛാദനം ചെയ്തു. സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കും. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതല്‍ ആറ്‌ വരെ യോഗ പരിശീലനവും ഉണ്ടായിരിക്കും.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ്, വാര്‍ഡ് മെമ്പര്‍മാരായ അമ്മദ് കുട്ടി ബ്രാന്‍, ലതാ വിജയന്‍, സി.എം.ഒ. ഡോ. യദുനന്ദനന്‍, ഹോമിയൊ വാളേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. റിഷ്യ, ജില്‍സണ്‍ തൂപ്പുങ്കര, മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.എം മത്തായി, കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത്, ആയുഷ് ഗ്രാമം കോഡിനേറ്റര്‍ ഡോ. സിജോ, യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. വീണ വിജയന്‍, ശാന്ത പന്നിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.