തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരണംപരിഗണനയില്‍: മന്ത്രി എം.ബി രാജേഷ്

ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃത്താല മണ്ഡലം തല ലഹരി വിരുദ്ധ ബോധവത്ക്കരണ ശില്‍പശാല ‘പ്രത്യാശ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന് വിദഗ്ധ പരിശീലകരെ ആവശ്യമാണ്. അല്ലാതെയുള്ള പ്രവര്‍ത്തനം ദോഷം ചെയ്യും. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകളുടെ ഘടന നവീകരിക്കുകയും കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതി ആലോചനയിലുള്ളതായും ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന് ജനകീയ പ്രതിരോധം ഒഴിച്ചുകൂടാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു.


സ്‌കൂളുകളില്‍ ലഹരി വിരുദ്ധ സമിതികളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് പ്രധാനധ്യാപകര്‍ ഉറപ്പാക്കണം. ലഹരി മാഫിയ കുട്ടികളെയാണ് ഇരകളാക്കുന്നത്. അവരെ ലഹരി കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇരകളെയും ലഹരി കടത്തിന് കുട്ടികളെ ഉപയോഗിക്കുന്നവരെയും രണ്ടായാണ് സര്‍ക്കാര്‍ കാണുന്നത്. കുട്ടികളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

കുട്ടികള്‍ ലഹരി വലയിലേക്ക് വീഴുന്നത് ഏറ്റവും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമാണ്. തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ലഹരി പ്രവര്‍ത്തനങ്ങള്‍ അധ്യാപകരോട് തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്ന ആത്മവിശ്വാസം കുട്ടികള്‍ക്ക് നല്‍കണം. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കുറ്റവാളികളായല്ല കാണേണ്ടത്. അവരെ സഹാനുഭൂതിയോടെ നിരീക്ഷിക്കുകയും ശാസ്ത്രീയമായി ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യണം. അധ്യാപകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എന്‍ലൈറ്റ്, വിമുക്തി ലൈഫ് പ്ലസ് എന്നിവരുടെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളെജില്‍ നടന്ന ശില്‍പശാലയില്‍ ഡോ. രാമചന്ദ്രന്‍ മോഡറേറ്ററായി. വി.പി മഹേഷ്, മുബാരിസ് കുമ്പിടി, സഹീദ് പയ്യന്നൂര്‍, കെ.എ. ലത്തീഫ് എന്നിവര്‍ ക്ലാസെടുത്തു. രാജീവ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.