സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ കാലങ്ങളായി സ്ഥല പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം പ്രതിസന്ധി അനുഭവിച്ചിരുന്ന മഞ്ചുമല വില്ലേജ് ഓഫീസിനും ശാപമോക്ഷം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് മഞ്ചുമല വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്.

പീരുമേട് ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പകുതിയോളം വാര്‍ഡുകളുമടങ്ങുന്നതാണ് മഞ്ചുമല വില്ലേജ് ഓഫീസിന്റെ പരിധി. കാലപ്പഴക്കവും സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യക്കുറവുകളും മൂലം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം എന്ന ആവശ്യമുയര്‍ന്നത്.

ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വണ്ടിപ്പെരിയാര്‍ മഞ്ചുമല വില്ലേജ് ഓഫീസും സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നിര്‍മാണം പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ ഓഫീസുകളും സേവനങ്ങളും സ്മാര്‍ട്ട് ആകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ അതിവേഗം ലഭ്യമാകും.