ഇന്ത്യൻ കാർട്ടൂൺ ചരിത്രത്തിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് കാർട്ടൂണിസ്റ്റ് ശങ്കറെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 121-ാം ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ശങ്കർ. രാഷ്ട്രീയ കാർട്ടൂൺ രംഗത്ത് തന്റേതായ സിംഹാസനം ഉറപ്പിച്ച അപൂർവങ്ങളിൽ അപൂർവ്വമായ പ്രതിഭ. ദേശീയ അന്തർദേശീയ പ്രശ്നങ്ങളെ തന്റെ വരയിലൂടെ പ്രമേയമാക്കി ഹൃദയസ്പർശിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ലോകത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും അദ്ദേഹത്തിന്റെ വരയിലൂടെ ലോകത്തിനു പരിചയപ്പെടുത്തി. പുതിയ തലമുറ കാർട്ടൂണുകളെ പറ്റി അറിയാനും പഠിക്കാനും കാർട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മാരകം ഉപയോഗപ്പെടുത്തണം. സ്മാരകം കൂടുതൽ മെച്ചപ്പെടുത്താനുള്ള ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

സാംസ്കാരിക വകുപ്പും കേരള ലളിതകല അക്കാദമിയും കായംകുളം നഗരസഭയും സംയുക്തമായാണ് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്. കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ. അധ്യക്ഷയായി. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികല, കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചിരോത്ത്, നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി.എസ് സുൽഫീക്കർ, ഷാമില അനിമോൻ, മുൻസിപ്പൽ കൗൺസിലർമാരായ സി.എസ് ബാഷ, റജി മാവനാൽ, ലേഖ മുരളീധരൻ, ഗംഗദേവി, നവാസ് മുണ്ടത്തിൽ, അൻസാരി,നഗരസഭ സെക്രട്ടറി എസ്. സനിൽ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ, എ. ജെ ഫിലിപ്പ്, രാഷട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.