തൊഴിൽ തീരം പദ്ധതിയുടെ എലത്തൂർ നിയോജകമണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. തൊഴിൽ തീരം പദ്ധതി തീരദേശ മേഖലയുടെ വളർച്ചക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കൗൺസിലർ ഇ.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയും ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയാണ് തൊഴിൽ തീരം.

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ചെയർമാനായും കോർപ്പറേഷൻ മേയർ, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ വൈസ് ചെയർമാൻമാരായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൺവീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്.

പുതിയാപ്പ ഫിഷറീസ് സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ഇ.എം റീജിയണൽ പ്രോഗ്രാം മാനേജർ സുമി പദ്ധതി വിശദീകരണം നടത്തി. ഫിഷറീസ് സ്കൂൾ പ്രിൻസിപ്പൽ പ്രസാദ്, ഹെഡ്മിസ്ട്രസ് സി.പി സഫിയ എന്നിവർ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മെർലിൻ അലക്സ്‌ സ്വാഗതവും നോളേജ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ റഫ്‌സീന നന്ദിയും പറഞ്ഞു.