മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, മടിക്കൈ, കോടോം ബേളൂര്‍, ദേലംപാടി, എന്‍മകജെ, മുളിയാര്‍, കുമ്പഡാജെ, മംഗല്‍പാടി, തൃക്കരിപ്പൂര്‍, ചെങ്കള, ബദിയടുക്ക, കള്ളാര്‍, കുറ്റിക്കോല്‍, വെസ്റ്റ് എളേരി, കുമ്പള, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, ബേഡഡുക്ക, മീഞ്ച, പുത്തിഗെ, പൈവളികെ, ഈസ്റ്റ് എളേരി, വോര്‍ക്കാടി, അജാനൂര്‍, ബളാല്‍ ഗ്രാമപഞ്ചായത്തുകളും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളും സമര്‍പ്പിച്ച വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടു വെച്ച പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹരിത കര്‍മ സേന മുഖേന അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, മിനി എം.സി.എഫ് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി), എം.സി.എഫ് എന്നിവയുടെ നിര്‍മ്മാണവും വിപുലീകരണവും, ആര്‍.ആര്‍.എഫ് പുതിയവയുടെ നിര്‍മ്മാണവും നിലവിലുള്ളവയുടെ വിപുലീകരണവും, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള വാഹന സൗകര്യം ഒരുക്കല്‍, ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കല്‍, മാലിന്യക്കൂനകള്‍ ഇല്ലാത്ത വൃത്തിയുള്ള പൊതുവിടങ്ങളുടെ നിര്‍മാണം, ജലാശയങ്ങളിലെ ഖരമാലിന്യങ്ങള്‍ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കല്‍, മാലിന്യത്തിന്റെ അളവ് കുറക്കല്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളും ഫണ്ടുകളും വിലയിരുത്തി.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കി. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി രാമചന്ദ്രന്‍, ആസൂത്രണ സമിതി അംഗങ്ങളായ വി.വി.രമേശന്‍, കെ.ശകുന്തള, ജാസ്മിന്‍ കബീര്‍, നജ്മ റാഫി വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.