ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗവിഭാഗത്തില്‍ നിന്ന് നഴ്സിംഗ് ഉള്‍പ്പടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ പട്ടികവര്‍ഗ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നൂതനപദ്ധതിയാണ് ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി പദ്ധതി. ട്രെയിനി നിയമനം പൂര്‍ണ്ണമായും പരിശീലനപദ്ധതിയാണ്.

നഴ്സിംഗ് ഉള്‍പ്പടെ പാരാമെഡിക്കല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളെ മികച്ച ജോലികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുന്നതിന് പ്രവൃത്തിപരിചയം നല്‍കുക, ആരോഗ്യകേന്ദ്രങ്ങളെ ട്രൈബല്‍ സൗഹ്യദമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉദ്യോഗാര്‍ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. സംസ്ഥാനത്തെ ആകെ ഒഴിവുകള്‍ 250.
വിദ്യാഭ്യാസയോഗ്യത നഴ്സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. പ്രായപരിധി 21-35 വയസ്സ്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളിലായിരിക്കും നിയമനം. നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (ഇടുക്കി, കട്ടപ്പന, പൂമാല, പീരുമേട്) മുഖേനയോ നേരിട്ടോ തപാല്‍ മാര്‍ഗമോ ആഗസ്റ്റ് 16 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല.

നഴ്സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസ ഓണറേറിയമായി 18,000 രൂപ ലഭിക്കും. നഴ്സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 15,000 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും www.stdkerala.gov.in എന്ന വെബ്സൈറ്ററില്‍ നിന്നും ലഭിക്കും. ഫോണ്‍: 04862 222399.