ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് റോട്ടറി ക്ലബ്ബും കാസർകോട് റോട്ടറി ഭവനിൽ സംഘടിപ്പിച്ച ദേശഭക്തി ഗാന, ദേശീയ ഗാന മത്സരത്തില്‍ എം.എസ് കോളേജ് എച്ച്.എസ്.എസ് പെരഡാല ഒന്നാം സ്ഥാനം നേടി. പരിപാടി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. നാളെയുടെ ഭാരതം വിദ്യാര്‍ത്ഥികളുടേതാണെന്നും വിവിധ മേഖലകളിലെ പ്രതിഭകളാകേണ്ട പുതുതലമുറയിലെ കുട്ടികളില്‍ രാജ്യ സ്നേഹവും രാഷ്ട്രബോധവും വളര്‍ത്തേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിജയങ്ങളോടൊപ്പം പരാജയങ്ങളും അംഗീകരിക്കാന്‍ കുട്ടികള്‍ക്കാകണമെന്നും പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിജയത്തിലേക്ക് കുതിക്കാന്‍ കഴിയണമെന്നും കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഗൗതം ഭക്ത അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ്ബ് അസി. ഗവര്‍ണര്‍ സി.എ.വിശാല്‍ കുമാര്‍ സംസാരിച്ചു.പരിപാടിയുടെ ചെയര്‍മാന്‍ എം.കെ.രാധാകൃഷ്ണന്‍ സ്വാഗതവും നിഹാല്‍ ജോയ് നന്ദിയും പറഞ്ഞു. മത്സരത്തില്‍ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും കാസർകോട് ചിന്‍മയ വിദ്യാലയ മൂന്നാം സ്ഥാനവും നേടി. 18 ടീമുകളാണ് മത്സരിച്ചത്. ഒരേപോലുള്ള വേഷവിധാനങ്ങളും സംഗീത ഉപകരണങ്ങളുമെല്ലാം ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍ മികച്ച മത്സരം കാഴ്ചവെച്ചുവെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനവും ദേശീയഗാനവും ആലപിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ രംഗനാഥ് മല്ല്യ, വിവിധ കലോത്സവങ്ങളില്‍ വിധികര്‍ത്താവായിരുന്ന കെ.കെ.ധര്‍മേന്ദ്രന്‍, ഗായകന്‍ നിഹാല്‍ ജോയ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.