ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നടന്നു. ജില്ലയിലെ ബാങ്കുകളുടെ 2023-24 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ പ്രകടനം യോഗത്തില്‍ അവലോകനം ചെയ്തു. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 8,067 കോടി രൂപ ജില്ലയില്‍ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി യോഗത്തില്‍ വിലയിരുത്തി. ഇത് വാര്‍ഷിക പ്ലാനിന്റെ 40.26 ശതമാനമാണ്. ഇതില്‍ 3376 കോടി രൂപ കാര്‍ഷിക മേഖലക്കും 1609 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 290 കോടി രൂപ ഭവന-വിദ്യാഭ്യാസ-കയറ്റുമതി വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലക്കും വിതരണം ചെയ്തു.

ആകെ വിതരണം ചെയ്ത വായ്പയില്‍ 5275 കോടി രൂപ മുന്‍ഗണന മേഖലക്കാണ് നല്‍കിയിട്ടുള്ളതെന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ ഡിവിഷണല്‍ മാനേജര്‍ സി.കെ. ശങ്കര്‍ അറിയിച്ചു. 2023 ജൂണ്‍ 30 ന് ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 36,966 കോടിയായി വര്‍ധിച്ചു. നിക്ഷേപം 51,516 കോടിയാണ്.

ഭാരതീയ റിസര്‍വ് ബാങ്ക് മാനേജര്‍ ഇ.കെ രഞ്ജിത്ത് മുന്‍ഗണന വായ്പ വിതരണത്തിലെ ബാങ്കുകളുടെ പ്രകടനം അവലോകനം ചെയ്തു. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ലീഡ് ബാങ്കിന്റെ ശ്രമങ്ങളോട് സഹകരിക്കണമെന്ന് റിസര്‍വ് ബാങ്ക് മാനേജര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. നിലവില്‍ ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടാത്ത ജനങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ യോഗത്തിന്റെ ഭാഗമായി തയ്യാറാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി പോലുള്ള പിന്നാക്ക പ്രദേശങ്ങളില്‍ സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാന്‍ ലീഡ് ബാങ്ക് ഓഫീസ് ചെയ്യുന്ന ശ്രമങ്ങളെ എം.പി അഭിനന്ദിച്ചു. എ.ഡി.എം. കെ. മണികണ്ഠന്‍ അധ്യക്ഷനായി. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ആര്‍.പി. ശ്രീനാഥ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലയിലെ ബാങ്കുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.