പ്രവാസികൾക്കും വിദേശത്ത് നിന്നും തിരികെ എത്തിയവർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നൽകി. പ്രവാസി സംരംഭങ്ങൾക്കുളള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രവാസികളുടെ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകിയത്. പെരിന്തൽമണ്ണ വാവാസ് മാളിൽ നടന്ന പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്തു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണർഷിപ്പ് ഡെവലപ്മെന്റ് സി.ഇ.ഒ ബെനഡിക്ട് വില്യം ജോൺസ് അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് സെന്റർ മാനേജർ സി രവീന്ദ്രൻ, നോർക്ക ബിസിനസ് ഫെസിലിറ്റി സെന്റർ പ്രോഗ്രാം മാനേജർ കെ.വി സുരേഷ്, പ്രോഗ്രാം കോർഡിനേറ്റർ ബി ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

നോർക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികൾ, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസൻസുകൾ, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങൾക്കുളള മറുപടിയും നൽകി. പ്രോജക്ടുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചും, എം.എസ്.എം.ഇ യെക്കുറിച്ചും അവബോധമുണ്ടാക്കാനുളള ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പ്രവാസികൾക്കും വിദേശത്തുനിന്നും തിരികെ വന്നവർക്കും ബിസ്സിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് മാർഗനിർദേശങ്ങളും, സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോർക്ക റൂട്ട്സ് ആരംഭിച്ച സംവിധാനമാണ് നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (എൻ.ബി.എഫ്.സി). സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിന് സഹായകരമാകുന്ന ഏകജാലക സംവിധാനം എന്ന നിലയിലും നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്.