ഓച്ചിറ കാളകെട്ട് മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രാഥമികതല മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറെടുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഗതാഗതനിയന്ത്രണം, സുരക്ഷാക്രമീകരണങ്ങള്‍, അടിയന്തരസേവനങ്ങള്‍ തുടങ്ങിയവയ്ക്കായി അതത് വകുപ്പ് മേധാവികളെയാണ് ചുമതലപ്പെടുത്തിയത്.

കെട്ട്കാളകളുടെ ഉയരം 70 അടിയായി നിജപ്പെടുത്താന്‍ കാളകെട്ട്‌സമിതി ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ക്ഷേത്രഭരണസമിതിയെ ചുമതലപ്പെടുത്തി. ജില്ലാതിര്‍ത്തിയില്‍ നടക്കുന്ന ഉത്സവമെന്ന പരിഗണനയോടെ ആലപ്പുഴയിലേയും ഉദ്യോഗസ്ഥരെ ക്രമീകരണങ്ങള്‍ക്കായി ചുമതലപ്പെടുത്തും. ഇരു ജില്ലകളിലേയും ഉദ്യോഗസ്ഥമേധാവികളുടേയും ക്ഷേത്രഭരണസമിതി ഭാരവാഹികളുടേയും യോഗം സബ് കലക്ടറുടെ അധ്യക്ഷതയില്‍ 16ന് ഓച്ചിറ പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരാനും തീരുമാനിച്ചു.