കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ചികിത്സ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി.

പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ആ മാറ്റം കാണുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു ശതമാനം താനൂര്‍ നിയോജക മണ്ഡലത്തിലാണെന്നും എല്ലാ മേഖലകളിലും അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ താനൂരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ബേബി ഷീജ കോഹൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ രഞ്ജിനി, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷംജിത നന്ദിയും പറഞ്ഞു.

ഫിഷറീസ് വകുപ്പ് അനുവദിച്ച 2.5 ചെലവിലാണ് ഡയാലിസിസ് സെന്റര്‍ നിര്‍മിക്കുന്നത്. 252.05 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഡോക്ടേഴ്സ് റൂം, നേഴ്സസ് റൂം, പ്രൊസീജിയര്‍ റൂം, ഡയാലിസിസ് യൂണിറ്റ്, യൂട്ടിലിറ്റി ഏരിയ, ടോയ്ലറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം പത്ത് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങളും സെന്ററില്‍ ഒരുക്കും. സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാകുന്നത്. ആശുപത്രിക്ക് ആവശ്യമായ കിടക്കകളും ജനറേറ്റര്‍, ആര്‍.ഒ പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്