മികവുറ്റ റോഡുകളും ആശുപത്രികളും സ്കൂളുകളും തുടങ്ങി നാടിന്റെ സമഗ്ര വികസനത്തിന് വേണ്ടതെല്ലാം ചെയ്യുകയാണ് സംസ്ഥാന സർക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നാലരക്കോടി രൂപ ചെലവ് വരുന്ന അന്താരാഷ്രനിലവാരത്തിലുള്ള കിളളൂർ-ആനയം -ഇലഞ്ഞിക്കോട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകൾ മറ്റു സൗകര്യങ്ങളുടെ വിപുലീകരണത്തിന് സഹായകമാകും. റോഡുകളുടെ നിർമ്മാണത്തിന് മുൻഗണന നൽകി കാലം ആവശ്യപ്പെടുന്ന വികസനമാണ് ഒരുക്കുന്നത്. പുതുതലമുറയ്ക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽസാധ്യതകളും ഒരുക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ഇതിനായുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം നടത്തിവരുന്നു. 300 കിടക്കകൾ ഉൾപ്പടെ ഒമ്പത് നിലകൾ ഉള്ള താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവർത്തനവും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഒരു സ്റ്റേഡിയം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ തുടങ്ങിവച്ച പ്രവർത്തനങ്ങളും എല്ലാവരിലേക്കമെത്തുന്ന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ്.

നെടുവത്തൂർ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണപ്രദേശം സന്ദർശിച്ച് പ്രവർത്തനപുരോഗതി വിലയിരുത്തിയ മന്ത്രി നിർമ്മാണം വേഗത്തിൽ ആക്കാൻ നിർദ്ദേശവും നൽകി. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷയായി. തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.