* ഒക്‌ടോബര്‍ 9 ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് പ്രളയദുരന്ത മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച നൈപുണ്യ കര്‍മ്മസേനയിലെ അംഗങ്ങളെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും അനുമോദിക്കുന്നു. ഒക്‌ടോബര്‍ 9ന് തിരുവനന്തപുരത്ത്  വിജെ.ടി ഹാളില്‍ രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങ് തൊഴില്‍ നൈപുണ്യം മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഹരിതകേരളം മിഷനുമായി ചേര്‍ന്നു വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയ്‌നികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന 3000 ല്‍ അധികം പേര്‍ നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയുടെ സേവനം  ദുരന്ത മേഖലയിലെ  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍  ശ്രദ്ധേയമായിരുന്നു. ദുരിതബാധിതരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി വീടുകളിലെ ഉപകരണങ്ങള്‍, ഇലക്ട്രിക് വയറിംഗ്, കാര്‍പ്പന്ററി, വെല്‍ഡിംഗ് തുടങ്ങിയ അറ്റകുറ്റപ്പണികള്‍ സമര്‍ത്ഥമായാണ് നൈപുണ്യ കര്‍മ്മസേന നിര്‍വ്വഹിച്ചത്.  നൈപുണ്യസേനയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ഉപഹാരവും സേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ മന്ത്രി  വിതരണം ചെയ്യും.  വി.എസ് ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍പേഴ്‌സണ്‍  ഡോ.ടി.എന്‍.സീമ മുഖ്യ പ്രഭാഷണവും ബി.സത്യന്‍ എം.എല്‍.എ. അനുമോദന പ്രസംഗവും നടത്തും. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് പി.കെ.മാധവന്‍, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ്ടി.പി. സുധാകരന്‍,  വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.