എന്റെ കോതമംഗലം എക്സ്പോ 2023 ന് തുടക്കമായി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മേള ഉദ്ഘാടനം ചെയ്തു. ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ നാല് വരെയാണ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഹാളിൽ മേള നടക്കുക.

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്, മൃഗസംരക്ഷണം, അഗ്നിരക്ഷാ സേന, വനം വന്യജീവി, വിനോദസഞ്ചാരം, ഖാദി ബോർഡ്, വ്യവസായം, കൃഷി, കയർ ബോർഡ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെയും കേന്ദ്ര- സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെയും സ്റ്റാളുകളും കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ മറ്റ് സ്റ്റാളുകളും മേളയിൽ ഉണ്ട്.

ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, ഡി സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മത മൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി.ജോർജ്ജ്, കൺവീനർ കെ.എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ഷിബു തെക്കുംപുറം, മുനിസിപ്പൽ കൗൺസിലർ കെ.വി.തോമസ്, ഷെമീർ പനയ്ക്കൽ, കെ.സ്.യു സംസ്ഥാന പ്രസിഡന്റ് ബേസിൽ പാറേക്കുടി, ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻപേരിൽ തുടങ്ങിയവർ പങ്കെടുത്തു. പവലിയനുകളിൽ പ്രവേശനം സൗജന്യമായിരിക്കും.