ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂര്‍, പൂക്കോട് ഹോമിയോ ഡിസ്‌പെന്‍സറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ലീന റാണി മുഖ്യപ്രഭാഷണം നടത്തി. മാടക്കത്തറ ഹോമിയോ ഡിസ്‌പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സിനി രമ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാംപയിന്‍ സംഘടിപ്പിക്കുന്നുണ്ട്. മെന്‍സ്ട്രുവല്‍ ഹെല്‍ത്ത്, സ്ട്രസ്സ്, പ്രീഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിസ്, തൈറോയിഡ് എന്നീ രോഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള ഹോമിയോപ്പതി ആരോഗ്യ മെഡിക്കല്‍ ക്യാമ്പും ഏകാരോഗ്യ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ബോധവത്കരണവുമാണ് ക്യാംപയിന്‍ ലക്ഷ്യമിടുന്നത്. ചികിത്സ ആവശ്യമായവര്‍ക്ക് ഹോമിയോപ്പതി വകുപ്പിന്റെ സ്‌പെഷ്യാലിറ്റി സെന്ററുകളായ ജനനി വന്ധ്യത നിവാരണ ക്ലിനിക്, സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ, തൈറോയ്ഡ് ക്ലിനിക് എന്നിവിടങ്ങളില്‍ പരിശോധനയും തുടര്‍ചികിത്സയും ഉറപ്പാക്കും.

ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ് മനോജ്, ഗുരുവായൂര്‍ നഗരസഭാ മെഡിക്കല്‍ ഓഫീസര്‍ ഗ്രീഷ്മ ബാബു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്നൂറോളം പേര്‍ ക്യാമ്പിന്റെ ഭാഗമായി.