കേരളത്തിലെ വിദ്യാഭ്യാസ രീതികൾ രാജ്യത്തിനു മാതൃകയാണെന്നും കേരളത്തിലെ കുഞ്ഞുങ്ങൾ ആറു വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് തന്നെ പഠനം ആരംഭിക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. താമരക്കുളം വേടരപ്ലാവ് ഗവണ്‍മെന്റ് എല്‍.പി. സ്കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരുന്നു മന്ത്രി.

കുട്ടികളുടെ വിദ്യഭ്യാസത്തിന് മുൻതൂക്കം നൽകുന്ന പിണറായി സർക്കാർ കഴിഞ്ഞ ഏഴു വർഷങ്ങളിലായി 3800 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്. രാജ്യത്തെ മത്സര പരീക്ഷകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ എല്ലാ ബുദ്ധിമുട്ടുകളും മനസിലാക്കി അവരുടെ ബുദ്ധിവികാസത്തിനും മാനസിക വളർച്ചയ്ക്കും സഹായിക്കുന്നവരായി അധ്യാപകർ മാറണം. അധ്യാപകരാകണം കുട്ടികളുടെ വഴികാട്ടികൾ. ഉച്ചഭക്ഷണം പോലെ പ്രഭാത ഭക്ഷണവും കുട്ടികൾക്ക് പ്രധാനമാണ്. സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി തുടർന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

മുന്‍ എം.എല്‍.എ. ആര്‍. രാജേഷ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി എന്നിവര്‍ മുഖ്യാതിഥികളായി. എക്സി. എഞ്ചിനീയർ ഐ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു ഖാന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ബി. ഹരികുമാര്‍, ആര്‍. ദീപ, ദീപ ജ്യോതിഷ്, ഗ്രാമപഞ്ചായത്ത് അംഗം വി. പ്രകാശ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.സി കൃഷ്ണകുമാര്‍, ബി.പി.സി. പി. പ്രമോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. മധു, സ്കൂള്‍ പ്രഥമാധ്യാപിക ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.