മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനത്തിനെത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ പങ്കെടുക്കുന്ന നവകേരള സദസ് ഡിസംബര്‍ 14,15,16 തീയതികളില്‍ വിവിധ മണ്ഡലങ്ങളിലായി ജില്ലയില്‍ നടക്കും. ഇതിനു മുന്നോടിയി മന്ത്രിമാരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനിലും ഫിഷറീസ് സാംസ്‌കാരിക മന്ത്രി സേജി ചെറിയാന്‍ നേരിട്ടും യോഗത്തിനു നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക, വിവിധ മേഖലകളിലെ പ്രമുഖരുമായി സംവാദങ്ങളും ചര്‍ച്ചയും നടത്തുക തുടങ്ങിയവയാണ് നവകേരള സദസിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ ക്യാബിനറ്റ് മുഴുവനായും ജനങ്ങളിലേക്ക് എത്തുന്നതെന്നും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നവകേരളം നിര്‍മിക്കുകയെന്ന പരിശ്രമത്തിലാണ് സര്‍ക്കാരെന്നും ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന നവകേരള സദസുകളില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഓരോ നവകേരള സദസിലും 25,000 പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി മണ്ഡലതലം മൂതല്‍ വാര്‍ഡ് തലം വരെ സംഘാടക സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഹരിപ്പാട് മണ്ഡലത്തില്‍ എ.എം. ആരിഫ് എം.പി.ക്കും കുട്ടനാട് മണ്ഡലത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും പ്രത്യേക ചുമതല നല്‍കി.

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.