മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നു

തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ വില്ലേജിൽ 75 കുടുംബങ്ങൾ 50 വർഷത്തിലേറെയായി താമസിച്ചുവരുന്ന ഭൂമിയിൽ അവർക്ക് പട്ടയം നൽകുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭൂരേഖകളിൽ റോഡ് പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയതാണ് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിൽ തടസ്സമായി നിൽക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി സർവ്വേ, റവന്യൂ വകുപ്പുകളിലെ രേഖകൾ അടിയന്തരമായി പരിശോധിച്ച് നിജസ്ഥിതി കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി.

റോഡിൽ നിന്ന് ഏറെ മാറി സ്ഥിതി ചെയ്യുന്ന ഭൂമി റോഡ് പുറമ്പോക്കായി രേഖകളിൽ വന്നത് എങ്ങനെയെന്ന് പരിശോധിക്കണം. പഴയ രേഖകളിൽ റോഡ് പുറമ്പോക്ക് എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് ആവശ്യമായ അനുമതി നേടി കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതിൻ്റെ മുന്നോടിയായി റവന്യൂ, സർവ്വ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഒക്ടോബർ 18 നകം സ്ഥലം സന്ദർശിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് കളക്ടർ കാർത്തിക് പാണിഗ്രഹി, മടക്കത്തറ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ മോഹൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ആർ സുരേഷ് ബാബു, എഡിഎം ടി മുരളി, ഡെപ്യൂട്ടി കലക്ടർ പി എ വിഭൂഷണൻ, തഹസിൽദാർ ടി ജയശ്രീ, പിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ഹരീഷ്, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ പി കെ ഷാലി, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.