എല്ലാ പഞ്ചായത്തുകളിലെയും മൃഗാശുപത്രികള്‍ സ്മാര്‍ട്ട് ആക്കി മാറ്റുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ വെറ്ററിനറി ഡിസ്പന്‍സറി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൃഗാശുപത്രികളെ സ്മാര്‍ട്ട് ആക്കുന്നതിനായി വിവിധ പദ്ധതികള്‍ സമന്വയിപ്പിക്കും. സ്ഥലമുള്ള പഞ്ചായത്തുകളില്‍ ആദ്യം പദ്ധതി നടപ്പിലാക്കും. അമ്പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഇതിനായി നല്‍കും.

ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് ഉള്‍പ്പടെ സ്മാര്‍ട്ട് മൃഗാശുപത്രികളില്‍ സജ്ജീകരിക്കും. കന്നുകാലികള്‍ മരണപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന ആദ്യ സംസ്ഥാനം കേരളം ആണെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിച്ചാണ് പടിഞ്ഞാറേക്കല്ലടയില്‍ പുതിയ വെറ്ററിനറി ഡിസ്പെന്‍സറി പണികഴിപ്പിക്കുന്നത്.

കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡന്റ് എല്‍ സുധ, സ്ഥിരം സമിതി അധ്യക്ഷരായ കെ സുധീര്‍, ജെ അംബികാകുമാരി, ഉഷാലയം ശിവരാജന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.