ഭൂമി വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍

മന്ത്രിയും സംഘവും കോളനി സന്ദര്‍ശിച്ചു


പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സർവ്വേ നടപടികള്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍വ്വേ നടപടികള്‍ ഉള്‍പ്പെടെ ഭൂവിതരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒളകര കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് ഡിസംബര്‍ അഞ്ചോടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനമെങ്കിലും റെക്കോഡ് വേഗത്തിലാണ് സര്‍വ്വേ നടപടികള്‍ പുരോഗമിച്ചതെന്ന് മന്ത്രി പറഞ്ഞു. ആകെയുള്ള 45 കൈവശങ്ങളില്‍ 42 എണ്ണത്തിലും സര്‍വ്വേ പൂര്‍ത്തിയായി. ബാക്കി മൂന്നിടങ്ങളിലെ സർവ്വേ ഒക്ടോബര്‍ 25 ബുധനാഴ്ചയോടെ പൂര്‍ത്തീകരിക്കും. ഇതിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍, സര്‍വ്വേ, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പൂര്‍ണ പിന്തുണ നല്‍കിയ കോളനി നിവാസികള്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

ഇനിയങ്ങോട്ടുള്ള തുടര്‍ നടപടികള്‍ വേഗത്തിലാക്കണം. സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സബ്ഡിവിഷനല്‍ കമ്മിറ്റിയും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റിയും വനാവകാശ പ്രകാരം ലഭിച്ച അപേക്ഷകളില്‍ വെരിഫിക്കേഷന്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി വനംവകുപ്പില്‍ നിന്ന് ആവശ്യമായ അനുമതി ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒളകര നിവാസികളുടെ ഭൂപ്രശ്‌നത്തിന് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. കഴിഞ്ഞ മാസം തൃശൂരില്‍ നടന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത മേഖലാ അവലോകന യോഗത്തില്‍ ജില്ലയിലെ പ്രധാന വിഷയങ്ങളിലൊന്നായി ഒളകര വിഷയം ചര്‍ച്ച ചെയ്തത് അതിന് നല്‍കുന്ന പ്രാധാന്യത്തിന് തെളിവാണ്. കോളനി നിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ തീരുമാനം കൈക്കൊണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് റവന്യൂ, വനം, പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ സംയുക്തമായി സര്‍വ്വേ നടത്തിയത്. സര്‍വ്വേയുടെ തുടക്കത്തില്‍ ചില തടസ്സങ്ങളുണ്ടായതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

കോളനി നിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതോടൊപ്പം കോളനി നിവാസികള്‍ക്കാവശ്യമായ വീടുകള്‍, റോഡ്, കമ്മ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാര്‍ഡ് അംഗം സുബൈദ അബൂബക്കര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, എസിപി മുഹമ്മദ് നദീം, ഊരു മൂപ്പത്തി മാധവി, ഡെപ്യൂട്ടി കലക്ടര്‍ പി എ വിഭൂഷന്‍, സര്‍വ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ ശാലി, തഹസില്‍ദാര്‍ ടി ജയശ്രീ, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി ഹെറാള്‍ഡ് ജോണ്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുമു സ്‌കറിയ, മറ്റു റവന്യൂ, വനം, സര്‍വ്വേ, പട്ടികവര്‍ഗ്ഗ വകുപ്പ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.