ഭരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി കൂടുതൽ സംവദിക്കാനും ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭാമണ്ഡലങ്ങളിലേക്കുമെത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാതല അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കായിക-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നവംബർ 27 മുതൽ 30 വരെയായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയുടെ പ്രചാരണം താഴേ തട്ടിലെത്തിക്കുന്നതിന് പഞ്ചായത്ത്-വാർഡ് തലങ്ങളിൽ സ്വാഗതസംഘം ഓഫീസുകൾ തുറക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ചുമത തദ്ദേശസ്വയംഭരണ വകുപ്പിനായിരിക്കും. ഇതിനായി വാർഡ് തലത്തിൽ അങ്കണവാടികൾ പ്രയോജനപ്പെടുത്തും.
എല്ലാ പഞ്ചായത്തുകളിലും ഒക്ടോബർ 31 ഓടെ സംഘാടകസമിതി യോഗം ചേരും. നവംബർ 10 നകം വാർഡ് തലങ്ങളിൽ യോഗം ചേരും. സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ജനസദസ്സിന് ആവശ്യമായ പ്രചാരണം നൽകും. സർക്കാറും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്ന, കേരളത്തിലെ ഭരണചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണ് നവകേരള സദസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
യോഗത്തിൽ എം.എൽ.എമാരായ കെ.ടി ജലീൽ, പി. നന്ദകുമാർ, സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻകുമാർ യാദവ്, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി, വിവിധ മണ്ഡലം സംഘാടക സമിതി ചെയർമാന്മാരായ ടി.കെ ഹംസ, വി.പി അനിൽ, ഹുസൈൻ രണ്ടത്താണി, എൻ. പ്രമോദ് ദാസ്, നിയാസ് പുളിക്കലകത്ത് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.