പഠനത്തോടൊപ്പം കലാമികവും അടയാളപ്പെടുത്താൻ കലോത്സവത്തിലെ പങ്കാളിത്തത്തിലൂടെ സാധിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പഠന നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഭൗതികസാഹചര്യ വികസനവും കലാമികവ് പ്രകടിപ്പിക്കാനുള്ള സാഹചര്യവും കൂടി സർക്കാർ ഒരുക്കുകയാണ്.
അതിന് തെളിവാണ് 250 ഓളം ഇനങ്ങളിൽ 10000 ത്തോളം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം. ഇത്തവണ കൊല്ലം ജില്ലയിൽ 15 വർഷത്തെ ഇടവേളയിലാണ് കലോത്സവം തിരികെ എത്തുന്നത്. ലക്ഷങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന വലിയ ഉത്സവമായി മാറും ഇത്. മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. ഉപാധ്യക്ഷ വനജ രാജീവ്, സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.