കേരളപ്പിറവി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ ദിനാചരണം നടത്തി. കടമേരി എംയുപി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ ഹാരിസ് അധ്യക്ഷനായി. പ്രശസ്ത ഗ്രന്ഥകാരൻ പി ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മലയാള ഭാഷ വികാസത്തിനായി പഞ്ചായത്തിലെ മുഴുവൻ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും ചടങ്ങിൽ ഉപഹാരം നൽകി. കേരളോത്സവം പഞ്ചായത്ത് തലത്തിൽ കുറ്റമറ്റതായ രീതിയിൽ നടത്തിയ കലാകായിക വിഭാഗം കൺവീനർമാരായ രാഘവൻ മാസ്റ്റർ, വി കെ ഹമീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ പി രവീന്ദ്രൻ, എ സുരേന്ദ്രൻ, ടി സജിത്ത്, സ്കൂൾ പ്രധാനാധ്യാപകൻ ടി കെ. നസീർ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി അബ്ദുറഹിമാൻ, നാദാപുരം പഞ്ചായത്ത് അംഗം എ കെ സുബൈർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി വി കെ രാജീവ് കുമാർ സ്വാഗതവും ഇംപ്ലിമെൻ്റിംഗ് ഓഫീസർ നാസർ ആക്കായി നന്ദിയും പറഞ്ഞു.