കേരള നേവല്‍ യൂണിറ്റ് 9 കായിക വിനോദ പരിശീലന കേന്ദ്രമായി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇതിനായി സ്ഥലം എം.പിയുടെ കോര്‍പ്പറേഷന്റെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 9 കേരള നേവല്‍ യൂണിറ്റിന്റെ ബോട്ട് ഹൗസിലേയ്ക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ 1700 നേവല്‍ കേഡറ്റുകള്‍ക്ക് സൗജന്യമായി ഓരോ വര്‍ഷവും ഇന്ത്യന്‍ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തല്‍, സെയിലിംഗ് എക്‌സ്‌പെഡിഷന്‍, ബോട്ട് പുളളിംഗ്, റാഫിറ്റിംഗ്, യാച്ചിംഗ്, കയാങ്കിംഗ്, കാനോയിംഗ് തുടങ്ങിയ ജലത്തിലെ സാഹസിക പരിശീലനങ്ങളാണ് യൂണിറ്റിന്റെ കീഴില്‍ നടക്കുന്നത്.
98 ലക്ഷം രൂപ ചെലവില്‍ പുഴയോട് ചേര്‍ന്ന് 150 മീറ്റര്‍ നീളത്തില്‍ 5 മീറ്റര്‍ വീതിയില്‍ പുറമ്പോക്ക് ഭൂമിയിലൂടെയാണ് റോഡ് നിര്‍മ്മിക്കുന്നത്. പുഴയുടെ പാര്‍ശ്വത്തിലൂടെ നിര്‍മ്മിക്കുന്ന ഈ റോഡിന്റെ അടിയിലുള്ള ചെളിനീക്കി കോക്കനട്ട് പൈലുകള്‍ക്ക് മുകളില്‍ കരിങ്കല്ലുകള്‍ പാകി അടിത്തറ ഒരുക്കി ഗ്രാവല്‍, ജി.എസ്.ബി, വെറ്റ്മിക്‌സ് മക്കാഡം എന്നിവ നിറച്ച് അതിന് മുകളില്‍ മിക്‌സഡ് സീല്‍ സര്‍ഫസ് ചെയ്ത് ചെയ്ത് ഉപരിതലം ഒരുക്കുവാനാവശ്യമായ പ്രവൃത്തിയാണ് നടത്തുന്നത്. കോണ്‍ക്രീറ്റ് ബെല്‍റ്റോട് കൂടിയ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പാര്‍ശ്വഭിത്തിയും കോണ്‍ക്രീറ്റ് പാര പെറ്റുകളും ഇതോടനുബന്ധിച്ച് നടത്തും. ചീര്‍പ്പിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ കോണ്‍ക്രീറ്റ് പൈപ്പുകളും സ്ഥാപിക്കും. ബ്രിഗേഡിയര്‍ ശ്രീകാന്ത്. എല്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസം- കായികം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ കെ.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടര്‍ ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സി.ബി. സിംഗ് സ്വാഗതവും 9 കേരള നേവല്‍ കമാന്റിംഗ് ഓഫീസര്‍ ലെഫ്. കമാന്‍ഡര്‍ കെ. രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.