എട്ടാമത് ദേശീയ ആയുർവ്വേദ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് നഗരത്തിൽ വിളംബര ജാഥ നടന്നു. മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിച്ച ജാഥ മേയർ ഡോ ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

“സമഗ്രമായ ആരോഗ്യത്തിന് ആയുർവ്വേദം, എല്ലാ ദിവസവും എല്ലാവർക്കും ആയുർവ്വേദം” എന്ന സന്ദേശവുമായി എട്ടാമത് ആയുർവ്വേദ ദിനം വിപുലമായ പരിപാടികളോടെ നവംബർ 10 ന് വെള്ളിയാഴ്ച രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ്. ഇതോടൊനുബന്ധിച്ച് എല്ലാ ഗവ.ആയുർവ്വേദ ഡിസ്പെൻസറികളിലും ആശുപത്രികളിലും ജീവിതശൈലീരോഗ ക്ലിനിക്കുകൾ ആരംഭിക്കുന്നുണ്ട്. കൂടാതെ ബ്ലോക്ക് തലത്തിൽ ബോധവത്കരണ ക്ലാസ്സുകൾ, ആരോഗ്യകരമായ പാചകരീതികൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. നവംബർ 14 ന് ചൊവ്വാഴ്ച കാലത്ത് 10 മണി മുതൽ 2 മണി വരെ സിവിൽ സ്റ്റേഷൻ പരിസരത്തു ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് സർക്കാർ ജീവനക്കാർക്കായി വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ പങ്കെടുക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.

ആയുർവ്വേദം എന്റെ ജീവിതത്തിൽ എന്ന വിഷയത്തെ അധികരിച്ച് റീൽ മത്സരം, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം, ഗവ.ആയുർവ്വേദ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന വിവിധങ്ങളായ സൌജന്യ ചികിത്സാ പദ്ധതികളെ വിശദീകരിക്കുന്ന പ്രദർശനം എന്നിവയും ആയുർവ്വേദ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുമെന്ന് വിളംബരജാഥയെ അഭിമുഖീകരിച്ചു സംസാരിച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.സി.ജെസ്സി അറിയിച്ചു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.അനീന.പി.ത്യാഗരാജ്, ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ സെക്രട്ടറി ഡോ.അനൂപ്.വി.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആയുർവ്വേദ വെൽനെസ്സ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാരും, ഡോക്ടർമാരും ചേർന്ന് അവതരിപ്പിച്ച യോഗ ഡാൻസ്, കെ.എം.സി.ടി ആയുർവ്വേദ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് എന്നിവ വിളംബര ജാഥയുടെ ഭാഗമായി നടന്നു. ജില്ലയിലെ ആയുർവ്വേദ ഡോക്ടർമാരും, ഗവ.ആയുർവ്വേദ സ്ഥാപനങ്ങളിലെ ജീവനക്കാരും, ആയുർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനിലെ ഡോക്ടർമാരും കെ.എം.സി.ടി ആയുർവ്വേദ കോളേജിലെ വിദ്യാർത്ഥികളും വിളംബര ജാഥയിൽ പങ്കെടുത്തു.