നാടിന്റെ വികസനത്തിന് പുതിയ തൊഴില്‍ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മുളക്കുഴ താഴംഭാഗം വ്യവസായ കേന്ദ്രത്തില്‍ മത്സ്യഫെഡിന്റെ മൂല്യവര്‍ദ്ധിത ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന സംസ്ഥാനമായി കേരളം മാറി. 69 കോടി രൂപ ചിലവഴിച്ച് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സംരംഭമായ കുട്ടനാട് റൈസ് പാര്‍ക്കിന്റെ നിര്‍മാണം മുളക്കുഴയില്‍ പുരോഗമിച്ചു വരികയാണ്. ഇത്തരം സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഓരോ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമൃദി പദ്ധതിയിലൂടെ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ തരിശായി കിടന്ന വയലുകളിലെല്ലാം കൃഷിയിറക്കാനായെന്നും മന്ത്രി പറഞ്ഞു.
മത്സ്യബന്ധന വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ 5.20 കോടി രൂപ ചെലവിലാണ് മുളക്കുഴ താഴംഭാഗം വ്യവസായ കേന്ദ്രത്തില്‍ മൂല്യ വര്‍ദ്ധിത ഉത്പാദന കേന്ദ്രം നിര്‍മിക്കുന്നത്. മത്സ്യ മൂല്യവര്‍ദ്ധിത ഉദ്പന്നങ്ങള്‍ക്കുപുറമെ പ്രാദേശികമായി സംഭരിക്കുന്ന മരച്ചീനിയില്‍ നിന്നുള്ള വിവിധതരം ഉത്പന്നങ്ങളും യൂണിറ്റില്‍ നിര്‍മിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായ വില ഉറപ്പുവരുത്തിന്നതിനൊപ്പം മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങ് വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതാണ് പദ്ധതി.
മുളക്കുഴ വ്യവസായ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യ സാന്നിദ്ധ്യമായി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ കെ.ആര്‍. രാധാഭായി, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ജെബിന്‍ പി. വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗം കെ.സി. ബിജോയി, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ എം.എച്ച്. റഷീദ്, മത്സ്യഫെഡ് ജനറല്‍ മാനേജര്‍ എം.എസ് ഇര്‍ഷാദ്, മുളക്കുഴ മത്സ്യഫെഡ് സ്പെഷ്യല്‍ ഓഫീസര്‍ എല്‍. സജീവ് മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എസ.് ബാബു, രാജേഷ് സെബാസ്റ്റ്യന്‍, അഡ്വ. എം. ശശികുമാര്‍, ഗിരീഷ് ഇലഞ്ഞിമേല്‍, ജേക്കബ് മാത്യു മുല്ലശ്ശേരി, ഡോ. ഷിബു ഉത്തമന്‍, ടി.ടി.എം. വര്‍ഗീസ്, ബി. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.