ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാനെത്തുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം ചിറ്റൂര്‍ മണ്ഡലത്തില്‍ പെരുമാട്ടി, പൊലിമ നാടക സംഘത്തിന്റെ ‘നാടുണരുന്നു’ എന്ന തെരുവുനാടകം ഒരുങ്ങുന്നു. നവകേരളം കര്‍മ്മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ എസ്.വി പ്രേംദാസ് രചനയും സംവിധാനവും ചെയ്യുന്ന നാടകത്തില്‍ പൊലിമ നാടക സംഘത്തിലെ പത്ത് സ്ത്രീകളാണ് അഭിനയിക്കുന്നത്. കേരളത്തിന്റെ മൊത്തം വികസനവും മണ്ഡലത്തിന്റെ വികസനവും കുടുംബശ്രീ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന വിധത്തിലാണ് നാടകം പുരോഗമിക്കുന്നത്. മണ്ഡലത്തിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് തെരുവുനാടകം അവതരിപ്പിക്കുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും കാഴ്ചപ്പാടുകളുമാണ് ജനങ്ങളിലേക്കെത്തിക്കുക.