•  പുത്തൂര്‍ മൃഗശാലയ്ക്ക് വലിയ പരിഗണന നല്‍കുന്നതിനാല്‍ വേദി മാറ്റി; മന്ത്രി കെ രാജന്‍
  •  ‘ചരിത്രത്തിലാദ്യമായി വലിയ ജനകൂട്ടായ്മയ്ക്ക് ഒല്ലൂര്‍ മണ്ഡലം സാക്ഷ്യം വഹിക്കും’
  •  ഡിസംബര്‍ മൂന്നിന് ഭവനങ്ങളില്‍ നവ കേരള ദീപം തെളിയിക്കും

ഒല്ലൂര്‍ നവകേരള സദസ്സ് വെള്ളായനിക്കര കാര്‍ഷിക സര്‍വകലാശാലയില്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നുമുതല്‍ നടക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. കാര്‍ഷിക സര്‍വകലാശാലയിലെ ഒല്ലൂര്‍ നവകേരള സദസ്സിന്റെ വേദി ഒരുങ്ങുന്ന ഇടം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

25 ഓളം കൗണ്ടറുകളിലൂടെ പരാതികള്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ സ്വീകരിക്കും. മൂന്നുമണിക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ നയിക്കുന്ന ഷോ വേദിയില്‍ ആരംഭിക്കും. ജയരാജ് വാര്യര്‍, ചലച്ചിത്രതാരം അപര്‍ണ ബാലമുരളി, ഗായകന്‍ സുദീപ് എന്നിവര്‍ ഷോയുടെ ഭാഗമാകും. 4.30 ന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.

40,000 സ്‌ക്വയര്‍ ഫീറ്റിലാണ് പന്തല്‍ ഒരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി വലിയ ജനകൂട്ടായ്മയ്ക്ക് ഒല്ലൂര്‍ നിയോജകമണ്ഡലം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അഭിമാന നേട്ടമായ കിഫ്ബിയിലൂടെ 279 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോട് അനുബന്ധമായ വേദി മാറ്റാന്‍ ഇടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. സെന്‍ട്രല്‍ സൂ അതോറിറ്റി അംഗീകരിച്ച മൃഗശാലയുടെ രൂപരേഖയില്‍ ഉള്‍പെടാത്ത സ്ഥലമാണ് നവകേരള സദസ്സ് വേദി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ഇടം. സംരക്ഷിത വനമേഖലയുടെ ഭാഗവും ആയിരുന്നില്ല. എന്നിരുന്നാലും മൃഗശാലയുടെ തുടക്കം കുറിക്കല്‍ ഒരു ദിവസം പോലും വൈകരുതെന്ന ആഗ്രഹത്തെ മുന്‍നിര്‍ത്തിയത് കൊണ്ട് മാത്രമാണ് വേദി മാറ്റാന്‍ മുഖ്യമന്ത്രിയുടെ അടക്കം അറിവോടെ സംഘാടകസമിതി തീരുമാനിച്ചതും ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.

വന്‍ജനപങ്കാളിത്തത്തോടെ അതിവിപുലമായ രീതിയില്‍ ഒല്ലൂര്‍ നവകേരള സദസ്സ് നടക്കും. തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തിരക്ക് ഒഴിവാക്കാനും നിയന്ത്രിക്കാനും ആവശ്യമായ കരുതലുകള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മോക് ഡ്രില്‍ സംഘടിപ്പിക്കും. ക്രമസമാധാനം പൂര്‍ണമായും ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നവകേരള സദസിന്റെ പ്രചരണാര്‍ഥം ഡിസംബര്‍ മൂന്നിന് വൈകിട്ട് എല്ലാ ഭവനങ്ങളിലും നവകേരള ദീപം തെളിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ സക്കീര്‍ ഹുസൈന്‍, കണ്‍ട്രോളര്‍ കെ മദന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.