സാംസ്കാരിക സാമൂഹിക രംഗത്ത് വലിയ പങ്കുവഹിച്ച സ്ഥലമാണ് ചേലക്കരയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമൂഹിക മുന്നേറ്റങ്ങളുടെയും, സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലമുള്ള സ്ഥലമാണ് ചേലക്കരയെന്നും മന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേലക്കര മണ്ഡലത്തിൽപ്പെടുന്ന കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തിന് 30 കോടി രൂപ അനുവദിക്കുകയും നവീകരണ പ്രവർത്തനം നടന്നുവരികയും ചെയ്യുന്നു. കഴിഞ്ഞ ഏഴു വർഷങ്ങളിലായി തസ്തികകൾ ധാരാളം സൃഷ്ടിക്കുവാനും, ശമ്പള പരിഷ്കരണം സംബന്ധിച്ച ദീർഘകാലമായിട്ടുള്ള പരാതികൾ പരിഹരിക്കാനും കഴിഞ്ഞു. ഇത് കലാരംഗത്തും സാംസ്കാരിക രംഗത്തിലും സർക്കാർ നൽകിയ പ്രാധാന്യത്തെയാണ് എടുത്തുകാണിക്കുന്നത്. കഴിഞ്ഞ ആറ് മാസം കൊണ്ട് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം ലഭിച്ചത് 25,000 പേർക്കാണ് ഇതിൽ 19,000 പേരും കേരളത്തിലാണ്. ഇന്ത്യ ഗവൺമെന്റിന്റെ ആകെയുള്ള പബ്ലിക് സർവീസ് കമ്മീഷൻ ഒഴിവുകളിൽ 11 ലക്ഷത്തിലധികം ഒഴിഞ്ഞു കിടക്കുകയാണ്. കേരളം ഒഴികെയുള്ള സംസ്ഥാന ഗവൺമെന്റുകളിൽ 28 ലക്ഷം മുതൽ 32 ലക്ഷം വരെ ഒഴിവുകൾ നികത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പ്രശ്നങ്ങൾ എങ്ങനെ ഒരുമിച്ച് നേരിടാം എന്നതാണ് സംസ്ഥാന സർക്കാരിന്റെ രീതി. ലോക ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ജനങ്ങളുടെ അടുത്തേക്ക് ഇങ്ങനെ പോകുന്നത്. ജനങ്ങളുടെ അടുത്ത് പോകാനുള്ള ആത്മവിശ്വാസമാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളതും രാജ്യത്ത് ആളോഹരി വരുമാനത്തിൽ മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നതും നമ്മൾ നേടിയ വികസനത്തിന് ഉദാഹരണമാണ്. ലോകത്തിന് മാതൃകയായി എല്ലാ രംഗത്തും വളർച്ച നേടാൻ കഴിഞ്ഞു. ലോക പ്രശ്സതരായിട്ടുള്ള സാമൂഹിക ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും കേരളത്തെപ്പറ്റി എടുത്തു പറയുന്നു. കേരള മോഡൽ വികസനത്തെ മാതൃകയാക്കുന്നു. റോഡുകൾ, ആശുപത്രികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഫാക്ടറികൾ, തുറമുഖങ്ങൾ, എയർപോർട്ടുകൾ തുടങ്ങി സമസ്ത മേഖലയിലേയും പുരോഗതി നമ്മുടെ സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റം ഉണ്ടാക്കാൻ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട് എന്നത് അഭിമാനപൂർവം പറയാനാകുമെന്നും ധനമന്ത്രി പറഞ്ഞു.