ആദിവാസി മേഖലയിലെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി
നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഗാര്‍ഹിക പീഡനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതകള്‍ക്ക് പുനരധിവാസം സാധ്യമാകുന്ന തരത്തിലുള്ള കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മിനി സബ് സെന്റര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിനു നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ സങ്കേതം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവര്‍ക്ക് നിലവില്‍ കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം മലപ്പുറം ജില്ലാ ആസ്ഥാനത്തു മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ആദിവാസി മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. പട്ടികവര്‍ഗ മേഖലയിലെ വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.
അപ്പന്‍കാപ്പ് ഊരില്‍ 127 കുടുംബങ്ങളാണ് താമസിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതകളെയും കുട്ടികളെയും വനിതാ കമ്മിഷന്‍ നേരിട്ടു സന്ദര്‍ശിച്ചു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പട്ടികവര്‍ഗ മേഖലാ ക്യാമ്പ് സംഘടിപ്പിക്കും. വിവിധ തൊഴില്‍ മേഖലകളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള 11 പബ്ലിക് ഹിയറിംഗുകളില്‍ ഏഴ് എണ്ണം വനിതാ കമ്മിഷന്‍ നടത്തി കഴിഞ്ഞു. തീരദേശമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒന്‍പതു തീരദേശ ക്യാമ്പുകളില്‍ മൂന്ന് എണ്ണം പൂര്‍ത്തിയാക്കി കഴിഞ്ഞു. വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയാണ്് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യം. ക്യാമ്പുകളില്‍നിന്നും പബ്ലിക് ഹിയറിംഗുകളില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
കോളനിയിലെത്തിയ വനിതാ കമ്മിഷന്‍ സംഘം ആദിവാസികളോട് സംസാരിച്ചും കോളനിയിലെ സൗകര്യങ്ങള്‍ നേരിട്ട് പരിശോധിച്ചും വിലയിരുത്തല്‍ നടത്തി. ഊരിലെ 72 വയസുള്ള മാധിയുടെ വീട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. പുതപ്പ്, ടോര്‍ച്ച്, ഫ്‌ളാസ്‌ക് എന്നിവ അടങ്ങിയ കിറ്റ് കോളനിവാസികള്‍ക്ക് നല്‍കി. ഊരിലെ ഏക അംഗനവാടിയിലെ കുട്ടികളുമായി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും വനിതാ കമ്മിഷന്‍ അംഗങ്ങളും സംവദിച്ചു. കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് കമ്മിഷന്‍ വിലയിരുത്തി..