സ്ത്രീധനം നിയമവിരുദ്ധം മാത്രമല്ല സാമൂഹ്യവിരുദ്ധവുമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മലപ്പുറം തീരദേശ ക്യാമ്പിന്റെ ഭാഗമായി പൊന്നാനി തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ ‘സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അന്യൻ വിയർത്തുണ്ടാക്കിയ സമ്പത്ത് വിവാഹത്തിലൂടെ സ്വന്തമാക്കാം എന്ന സമീപനത്തിന് മാറ്റമുണ്ടാകണം.

വിവാഹ കമ്പോളത്തിൽ വിലപേശി വിൽക്കാനുള്ള വസ്തുക്കളല്ല സ്ത്രീകൾ. സ്ത്രീധനത്തിനെതിരേ ചിന്തിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ആർജവമുള്ള പുതിയ തലമുറ വളർന്നുവരണം. ആൺകുട്ടികളെയും പെൺകുട്ടികളെയും സമഭാവനയോടെ കാണാൻ കഴിയുന്ന മാനസികാവസ്ഥ വീടുകളുടെ അകത്തളങ്ങളിൽ നിന്ന് തന്നെ രൂപപ്പെടണം.  പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ ശേഷം മാത്രമേ വിവാഹം നടത്താവൂ.

സ്ത്രീയും പുരുഷനും ഒന്നിച്ചു നിന്നാൽ മാത്രമേ കുടുംബം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന ധാരണ പെൺകുട്ടികളുടേയും ആൺകുട്ടികളുടെയും മനസിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ആൺകുട്ടികളെ പോലെ വിദ്യാഭ്യാസം നേടാനും അവളുടെ കാര്യത്തിൽ സ്വന്തമായ തീരുമാനം എടുക്കാനുമുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് അനുവദിച്ചു നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

സ്ത്രീകളെ തുല്യതയോടെ സഹജീവികളായി കാണാൻ ആൺകുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾ ഏറ്റെടുക്കണം. അങ്ങനെ ചെയ്താൽ നമ്മുടെ നാട്ടിൽ ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പോലത്തെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. സെമിനാറിൽ മലപ്പുറം വനിതാ സംരക്ഷണ ഓഫീസർ ടി.എം. ശ്രുതി ക്ലാസെടുത്തു. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന,  സി.ഡി.പി.ഒ ഗീത, പൊന്നാനി ഹെൽത്ത് സൂപ്പർവൈസർ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.