നവമാധ്യമ സ്വാധീനം കുട്ടികളിലെ സര്‍ഗ്ഗവാസനകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ ബിനാലെ 2023 ‘ ന് കുണ്ടംകുഴിയില്‍ തുടക്കമായി. വിമുക്തി മിഷനും ബേഡഡുക്ക പഞ്ചായത്തും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികളുടെ പരിശീലന കളരിയുടെ ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷയായി. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് മുഖ്യാതിഥിയായി. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ബിനാലെ സന്ദേശം അവതരിപ്പിച്ചു.
ബിനാലെയുടെ ഭാഗമായി സ്‌കൂളില്‍ നടന്ന ഏകദിന പരിശീലന കളരി ഉദയന്‍ കുണ്ടംകുഴി, ലോഹിതാക്ഷന്‍ പെരിങ്ങാനം, വിനോദ് അമ്പലത്തറ, കുഞ്ഞികൃഷ്ണന്‍ മടിക്കൈ, എച്ച്.ശങ്കരന്‍, മധു ബേഡകം, എ.രാഘവന്‍ ജയപുരം എന്നിവര്‍ നിയന്ത്രിച്ചു. ഓല, മുള, ചിരട്ട, പാള, കളിമണ്‍, പേപ്പര്‍, പാഴ്വസ്തുക്കള്‍, പ്ലാസ്റ്റിക്, ചിത്രം, കൊളാഷ്, സ്‌കിറ്റ്, അഭിനയം എന്നീ മേഖലകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി.
പരിശീലനം ലഭിച്ച കുട്ടികളുടെ നേതൃത്വത്തില്‍ ബേഡഡുക്ക പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രവര്‍ത്തനങ്ങള്‍ നടക്കും. അവയുടെ വാര്‍ഡ് തല പ്രദര്‍ശനം വ്യാഴാഴ്ച്ച നടക്കും. തുടര്‍ന്ന് പഞ്ചായത്ത് തലത്തില്‍ ‘കുട്ടികളുടെ ഗ്രാന്‍ഡ് ബിനാലെ 2023’ 31ന് രാവിലെ ഒമ്പതിന് കുണ്ടംകുഴി ടൗണില്‍ നടക്കും.