തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 25, 26, 27 തീയതികളിലായി നടക്കുന്ന സംഗമത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘാടകസമിതി സംഘടിപ്പിക്കുന്നത്. “തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24” ലോഗോ മത്സരം സംഘടിപ്പിച്ചാണ് മികച്ച ലോഗോ കണ്ടെത്തിയത്. വല്ലച്ചിറ സ്വദേശി സലീഷ് നടുവിൽ തയ്യാറാക്കിയ ലോഗോ ഡിസൈനാണ് തിരഞ്ഞെടുത്തത്. ലോഗോ മത്സര വിജയിക്കുള്ള ക്യാഷ് അവാർഡ് ജില്ലാ ക്ഷീരസംഗമത്തിൽ നൽകും.

ലോഗോ പ്രകാശന ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ശ്രീജയൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, പഴയന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം അസീസ്, ക്ഷീരസംഘം പ്രസിഡന്റുമാരായ കെ.കെ രവീന്ദ്രൻ, ജെയിംസ് പൗലോസ്, പി. രവി, ക്ഷീരവികസന ഓഫീസർമാരായ പി.എ അനൂപ്, എൻ.എസ് അമ്പിളി, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ സ്മൃതി വാസുദേവൻ, കെ.ജി ജിഷ, ക്ഷീരസംഘം സെക്രട്ടറിമാരായ ശ്രീജ, ഷീന, രമ്യ, ജ്യോതിഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.